ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി.കെ ശശികലയുടെ കോടികളുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി നിയമപ്രകാരമാണ് സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. പയ്യാവൂർ ഗ്രാമത്തിലെ മൂന്ന് ഏക്കറോളം ഭൂമിയും ബംഗ്ലാവുമാണ് ആദായ നികുതി വകുപ്പ് ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്‌ട് പ്രകാരം കണ്ടുകെട്ടിയത്.
ഭൂമിയിൽ പ്രൊവിഷണൽ അറ്റാച്ച്മെന്‍റ് ഉത്തരവും പതിച്ചിട്ടുണ്ട്. നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതില്‍പ്പെടുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷം ശശികല തമിഴ്‌നാട്ടിലേക്ക് തിരികെയെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ലാണ് ശശികല ശിക്ഷിക്കപ്പെടുന്നത്.
ALSO READ:ധോണി ഉപദേഷ്‌ടാവ്, അശ്വിൻ തിരിച്ചെത്തി: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു