ഡെറാഡൂണ്‍: ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ നാളെ വിധിയെഴുത്ത്. യുപി രണ്ടാംഘട്ട വോട്ടെടുപ്പും നാളയാണ്. ഉത്തരാഖണ്ഡില്‍ 70 അസംബ്ലി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയില്‍ 40 ഉം ഉത്തര്‍പ്രദേശില്‍ 55 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
യുപിയില്‍ സഹാറന്‍പൂർ, ബിജ്‌നോര്‍, സംഭാല്‍, രാംപൂർ, ബറേലി, ബദായൂം, ഷാജഹാന്‍പൂര്‍, അമ്‌രോഹ, മൊറാദാബാദ് എന്നി ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
പ്രിയങ്കയുടെ നാക്ക് പിഴ
ഉത്തരാഖണ്ഡിലെ പരസ്യപ്രചാരണത്തിനിടെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയുടെ പേര് തെറ്റായി ഉച്ചരിച്ചു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനായ ഗണേഷ് ഗോഡിയാലിന്‍റെ പേരാണ് പ്രസംഗത്തിനിടെ 'കോഡിയാല്‍' എന്ന് പ്രിയങ്ക തെറ്റായി ഉച്ചരിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ധന്‍ സിങ് റാവത്തിനെതിരെ ശ്രീനഗർ മണ്ഡലത്തിലാണ് ഗോഡിയാല്‍ മത്സരിക്കുന്നത്.
ശനിയാഴ്‌ച അൽമോറയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത ശേഷമാണ് പ്രിയങ്ക ശ്രീനഗറിലെത്തിയത്. കോൺഗ്രസ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകുമെന്ന് പ്രിയങ്ക പറഞ്ഞു. ആശുപത്രികളുടെ നിര്‍മാണം, തൊഴിലവസരങ്ങൾ, പൊലീസ് റിക്രൂട്ട്‌മെന്‍റില്‍ 40 ശതമാനം വനിത സംവരണം എന്നി വാഗ്‌ദാനങ്ങളും പ്രിയങ്ക ആവർത്തിച്ചു.
മതത്തിന്‍റേയും ജാതിയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
Also read: ഇന്ന് നിശബ്ദ പ്രചാരണം; ഗോവ നാളെ (14.02.22) പോളിംഗ് ബൂത്തിലേക്ക്