ഡെറാഡൂൺ: നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്ന ചമോലിയിൽ ആകെ മരണം 34 ആയി. റിഷി ഗംഗ പവർ കോർപ്പറേഷനിലെ രണ്ട് ജീവനക്കാരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തപോവൻ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 25 മുതൽ 35 വരെ ആളുകൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ കണക്കുകൂട്ടൽ.
ഇന്ന് രാവിലെ തപോവൻ തുരങ്കത്തിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചുള്ള തെരച്ചിൽ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ പ്രളയമുണ്ടായത്. പ്രളയത്തെത്തുടർന്ന് നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും നിരവധി വീടുകളും തകരുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. മഞ്ഞ് ഇടിച്ചിലിനെത്തുടർന്ന് അളകനന്ദ, ധൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചത്.