ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രം രണ്ട് ഹെലികോപ്‌റ്ററുകൾ കൂടി അയച്ചു. കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീ നാൽപത് സ്ഥലങ്ങളിലായാണ് പടർന്നു പിടിച്ചത്.
ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് 983 തവണകളായി പടർന്നു പിടിച്ച കാട്ടുതീയിൽ 1,292 ഹെക്‌ടർ സ്ഥലങ്ങളിൽ നാശം വിതച്ചിരുന്നു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച വിവരം അമിത് ഷാ ട്വിറ്ററിൽ കുറിക്കുകയും ചെയ്‌തു. തീ നിയന്ത്രണ വിധേയമാക്കുന്നതിനും മറ്റുമായി തിരാത് സിങ് റാവത്ത് ദുരന്ത നിവാരണ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളുടെയും അടിയന്തര യോഗം വിളിച്ചിരുന്നു. രണ്ട് ഹെലികോപ്‌റ്ററുകൾ ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരോട് അവധി എടുക്കരുതെന്നും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.