ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചവരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. പത്ത് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പർവതാരോഹകയാണ് സവിത. കാണാതായവർക്കുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ നാല്) അപകടമുണ്ടായത്. നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് എന്ന സ്ഥാപനത്തില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സവിത. 34 വിദ്യാർഥികൾക്കൊപ്പമാണ് പര്‍വതം കയറാന്‍ പോയത്. മടങ്ങുന്നതിനിടെയാണ് സംഭവം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ എട്ട് പേരെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ എവറസ്റ്റും മകാലു കൊടുമുടിയും കീഴടക്കിയാണ് സവിത ദേശീയ റെക്കോഡ് കൈവരിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതി നേട്ടം കൈവരിച്ചത്.