ലഖ്‌നൗ : ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവവധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി. യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പിലിഭിത് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്‍റെ ഭീഷണി ഭയന്ന യുവതി അഞ്ച് ലക്ഷം രൂപ മാതാപിതാക്കളില്‍ നിന്ന് വാങ്ങി നല്‍കിയിരുന്നെങ്കിലും അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നെന്ന് യുവതി പറയുന്നു.
ഇതോടെ യുവതി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് യുവതി ബദയൂണിലെ ബിസൗലി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്‌തത്. ഹണിമൂണ്‍ ആഘോഷിക്കാനായി നൈനിറ്റാളിലെത്തിയപ്പോഴാണ് ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹണിമൂണിനായി അഞ്ച് ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും അത് മാതാപിതാക്കളില്‍ നിന്ന് വാങ്ങി നല്‍കണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്.
15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കം 20 ലക്ഷം രൂപ ഇരുവരുടെയും വിവാഹത്തിന് ചെലവായിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ ഭര്‍ത്താവ് ഭീഷണി മുഴക്കിയ വിവരം ഭര്‍തൃമാതാവിനോട് യുവതി പറഞ്ഞിരുന്നെങ്കിലും അവരില്‍ നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പിലിഭിത് പൊലീസ് അറിയിച്ചു.