വാഷിങ്ടണ്‍: ഇന്ത്യയുടെ ധനകാര്യ രംഗത്തെ കാര്യക്ഷമമാക്കുന്നതിന് നയപരമായ മാറ്റങ്ങള്‍ വേണമെന്ന് അമേരിക്കയിലെ പ്രമുഖ ബിസിനസ് അഡ്വക്കസി ഗ്രൂപ്പായ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്‌നര്‍ഷിപ്പ് ഫോറം(യുഎസ്ഐഎസ്‌പിഎഫ്). ഫെബ്രവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഈ അഭിപ്രായപ്പെടല്‍. പ്രധാനപ്പെട്ട ഫോര്‍ച്യൂണ്‍ 500 കമ്പനികളെ പ്രതിനിധീകരിക്കുന്നതാണ് യുഎസ്ഐഎസ്‌പിഎഫ്.
വിദേശ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കണമെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ്ഐഎസ്‌പിഎഫ് കേന്ദ്ര സര്‍ക്കാരിന് കൊടുത്ത നിര്‍ദേശത്തില്‍ പറയുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ രജിസ്ട്രേഷന്‍ കൂടുതല്‍ സുഗമമാക്കണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. ഇതിനായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്‍ഷൂറന്‍സ് മേഖലയില്‍ ശതകോടികള്‍ നിക്ഷേപിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ അത്തരത്തിലുള്ള നിക്ഷേപം നടത്തുന്നതിന് സാധിക്കാതെ വരുന്നു. ഇന്‍ഷൂറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള പരിധി 74 ശതമാനമായി നിലനിര്‍ത്തുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് നയവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണതകള്‍ മാറ്റണമെന്നും യുഎസ്ഐഎസ്‌പിഎഫ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നികുതിയുമായി ബന്ധപ്പെട്ട നയത്തില്‍ അനിശ്ചിതത്വം ഉണ്ടാകാതിരിക്കല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രധാനമാണെന്ന് യുഎസ്ഐഎസ്‌പിഎഫ് ചൂണ്ടികാട്ടുന്നു. അന്താരാഷ്ട്ര രംഗത്ത് അംഗീകരിക്കപ്പെട്ട നികുതി നയം ഇന്ത്യയും അനുവര്‍ത്തിക്കണം. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത വേണം. ഭാവിയിലെ ഇന്‍ഷൂറന്‍സ് രംഗത്തെ പരിഷ്കരണത്തില്‍ വിദേശ നിക്ഷേപത്തിന്‍റെ പരിധി ഉയര്‍ത്തുന്നത് പരിഗണിക്കണമെന്നും യുഎസ്ഐഎസ്‌പിഎഫ് ആവശ്യപ്പെടുന്നു.
പണമിടപാടില്‍ കൂടുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കണം. ഇന്‍റെര്‍ ഓപ്പറബ്‌ള്‍ ക്യു ആര്‍ കോഡുകള്‍, കമ്പനികള്‍ തമ്മിലുള്ള പണമിടപാടുകളില്‍ കൂടുതല്‍ ഡിജിറ്റൈസേഷന്‍ എന്നിവ നടപ്പിലാവാനുള്ള നയപരമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്നും യുഎസ്ഐഎസ്‌പിഎഫ് ആവശ്യപ്പെട്ടു.
ALSO READ:മഹാമാരി കാലത്ത് വീണ്ടും ഒരു ബജറ്റ്: ആശ്വാസ പാക്കേജുകള്‍ എന്തെല്ലാം... കാതോര്‍ത്ത് രാജ്യം