മുംബൈ: ഡൽഹിയിൽ പ്രതിഷേധവുമായെത്തിയ കർഷകരോടുള്ള ബിജെപി ഭരണകൂടത്തിന്‍റെ പെരുമാറ്റത്തിൽ അപലപിച്ച് ശിവസേന. ഡൽഹിയിലെ തണുപ്പിൽ ജലപീരങ്കിയും മറ്റും ഉപയോഗിച്ചത് അങ്ങേയറ്റം ക്രൂരമായ നടപടിയാണെന്ന് ശിവസേന പറഞ്ഞു.
പ്രതിഷേധത്തിൽ ഖാലിസ്ഥാനി ബന്ധമുണ്ടെന്ന് പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ സേന ഒറ്റപ്പെടുത്തി. അരാജകത്വം സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഖാലിസ്ഥാൻ ഒരു അടഞ്ഞ അധ്യായമാണെന്നും ശിവസേന പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ ശത്രുക്കളുമായി ഇടപെടുമ്പോൾ എന്തുകൊണ്ടാണ് ഈ ദൃഡനിശ്ചയം കാണാത്തതെന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള 11 സൈനികരാണ് അതിർത്തിയിൽ രക്തസാക്ഷിത്വം വരിച്ചതെന്നും ശിവസേന കൂട്ടിചേർത്തു.
ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സ്ഥാപിച്ച സർദാർ പട്ടേലിന്‍റെ ഭീമാകാരമായ പ്രതിമയെ പരാമർശിച്ച് പട്ടേൽ കർഷകരുടെ നേതാവായിരുന്നെന്നും ബ്രിട്ടീഷുകാർക്കെതിരെ നിരവധി കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായും കർഷകരോടുള്ള നിലവിലെ പെരുമാറ്റം കാണുമ്പോൾ അദ്ദേഹത്തിന്‍റെ പ്രതിമയുടെ കണ്ണുകൾ നനഞ്ഞിരിക്കുമെന്നും ശിവസേന പറഞ്ഞു.
കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ എന്നിവയെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധങ്ങളായാണ് ബിജെപി ഉപയോഗിക്കുന്നതെന്നും ശിവസേന വിമർശിച്ചു. ഇന്ത്യയുടെ ശത്രുക്കളോട് യുദ്ധം ചെയ്യാൻ സൈന്യത്തെ സഹായിക്കുന്നതിനായി ലഡാക്കിലും കശ്മീരിലും ഇഡി, സിബിഐ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ശിവസേന നിർദേശിക്കുകയും ചെയ്‌തു.