മധുര: ഉസിലാംപെട്ടിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. പടക്കനിര്‍മാണശാല ഉടമ അനുഷിയെയാണ് മധുര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തില്‍ പ്രതിയായ ഇവരുടെ ഭര്‍ത്താവ് ഒളിവിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒളിവില്‍ കഴിയുന്ന പ്രതിക്കായുള്ള തെരച്ചിലിനിടെയാണ് അയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്‌തതെന്ന് മധുര എസ്‌പി ശിവപ്രസാദ് വ്യക്തമാക്കി. നവംബര്‍ പത്തിനായിരുന്നു മധുരയ്‌ക്കടുത്തുള്ള ഉസിലാംപെട്ടിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.
പരിക്കേറ്റവര്‍ തിരുമംഗലം സർക്കാർ ആശുപത്രിയിലും മധുര രാജാജി ആശുപത്രിയിലും ചികിത്സയിലാണെന്നാണ് തമിഴ്‌നാട് വാണിജ്യ നികുതി രജിസ്‌ട്രേഷൻ മന്ത്രി പി മൂർത്തി അറിയിച്ചത്. അതേസമയം സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.