ന്യൂഡല്‍ഹി : ഇറാനില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്‌തതിന് ഇന്ത്യന്‍ കമ്പനിയായ തിബാലാജി പെട്രോകെമിക്കല്‍ പ്രൈവറ്റ് ലിമിറ്റഡിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. യുഎഇയിലേയും ഹോങ്കോങ്ങിലേയും ചില കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്‍റെ കൂട്ടത്തിലാണ് ഇന്ത്യന്‍ കമ്പനിക്കും അമേരിക്കയുടെ വിലക്ക്. ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും അത് ചൈനയിലേക്ക് കയറ്റി അയയ്ക്കുകയുമായിരുന്നു തിബലാജി പെട്രോകെമിക്കല്‍ ചെയ്‌തിരുന്നത്.
യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിന് ഇളവ് അനുവദിച്ചത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുതുക്കാത്തതിനെ തുടര്‍ന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവച്ചിരുന്നു. ഇറാനുമായി അമേരിക്കയടക്കമുള്ള ആറ് വന്‍ശക്തി രാജ്യങ്ങള്‍ ഒപ്പിട്ട ആണവക്കരാറില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു.
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്ന് റഷ്യന്‍ ബാങ്കുകള്‍, ഇന്ധന കമ്പനികള്‍ മുതലായവയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയുമായി ഇന്ത്യന്‍ കമ്പനികള്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ കമ്പനികളുമായി ഇന്ത്യ ഇടപാട് നടത്തുന്നതിനെതിരെ അമേരിക്ക ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഏഷ്യയില്‍ ചൈനയുടെ ആധിപത്യം തടയുന്നതിന് ഇന്ത്യയുടെ പിന്തുണ ആവശ്യമാണെന്നുള്ളത് കൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ അമേരിക്ക സ്വീകരിക്കാത്തത്. റഷ്യന്‍ കമ്പനികളുമായുള്ള ഇന്ത്യന്‍ കമ്പനികളുടെ ഇടപാടില്‍ അമേരിക്ക ഉപരോധം കര്‍ശനമാക്കിയാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. അന്താരാഷ്‌ട്ര വിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണ് റഷ്യ ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണ വില്‍ക്കുന്നത്.