ന്യൂഡൽഹി: ഇനി ആധാർ കാർഡിലെ മൊബൈൽ നമ്പർ പുതുക്കുന്നത് വീട്ടുപടിക്കൽ. പോസ്റ്റ്മാൻമാരിലൂടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്കും യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഐഐ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
650 ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്കുകൾ (ഐപിപിബി), 1.46 ലക്ഷം പോസ്റ്റ്മാൻമാർ, ഗ്രാമീൺ ഡാക്ക് സേവകർ (ജിഡിഎസ്) എന്നിവരുടെ ശൃംഖലയിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ ഡിവൈഡ് ഒരു പരിധി വരെ കുറയ്ക്കാനായി പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഐപിപിബി മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ജെ. വെങ്കട്ടരാമു പറഞ്ഞു.
നിലവിൽ, ഐപിപിബി മൊബൈൽ നമ്പർ പുതുക്കാനുള്ള സേവനം മാത്രമേ പോസ്റ്റ്മാൻമാരിലൂടെ ലഭ്യമാക്കുന്നുള്ളുവെങ്കിലും ഉടൻ തന്നെ കുട്ടികളുടെ ആധാർ എൻറോൾമെന്‍റ് സേവനവും നടപ്പാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2021 മാർച്ച് 31 വരെ യുഐഡിഐഐ രാജ്യത്തെ 128.99 കോടി ആളുകൾക്കാണ് ആധാർ കാർഡുകൾ നൽകിയിട്ടുള്ളത്.
Also Read: കാർ ഷോറൂമിലെ ഒന്നാം നിലയിൽ നിന്ന് കാർ തഴേക്ക് പതിച്ചു; ഉപഭോക്താവിനും ജീവനക്കാരനും പരിക്ക്