സഹാറൻപൂർ: ഉത്തർപ്രദേശിൽ കാർ ഓവർടേക്ക് ചെയ്‌തുവെന്നാരോപിച്ച് മാധ്യമപ്രവർത്തകനെ മൂന്നംഗ സംഘം റോഡിലിട്ട് മർദിച്ചുകൊന്നു. ചിൽക്കാന സ്വദേശിയും റിപ്പോർട്ടറുമായ സുധീർ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തതായും മറ്റൊരാൾക്കായി തെരച്ചിൽ നടത്തുന്നതായും സഹാറൻപൂർ എസ്‌പി രാജേഷ് കുമാർ പറഞ്ഞു.
ജഹാംഗീർ, ഫർമാൻ എന്നിവരാണ് അറസ്റ്റിലായത്. സഹാറൻപൂരിൽ ബുധനാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കിലെത്തിയ മാധ്യമപ്രവർത്തകൻ പ്രതികൾ സഞ്ചരിക്കുകയായിരുന്ന ആൾട്ടോ കാർ ഓവർടേക്ക് ചെയ്‌തിനെ തുടർന്നാണ് ആക്രമണം.
ഇതിൽ പ്രകോപിതരായ സംഘം മാധ്യമപ്രവർത്തകനുമായി തർക്കത്തിലാകുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ALSO READ: കൂട്ടബലാത്സംഗത്തിന് ഇരയായി 8 വയസുകാരി; പ്രായപൂർത്തിയാകാത്ത പ്രതികള്‍ പിടിയിൽ
അതേസമയം കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവരിൽ രണ്ട് പേരെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ യുപി സർക്കാർ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.