ബദായൂം (യുപി): ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് എസ്‌പിയെ തടയുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ബിഎസ്‌പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിഎസ്‌പിയെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുന്‍ യുപി മുഖ്യമന്ത്രി ആരോപണവുമായി രംഗത്തെത്തിയത്. ബാബാ സാഹേബ് അംബേദ്‌കറിന്‍റെ ആശയങ്ങളിൽ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
'ബിജെപിയെ പരാജയപ്പെടുത്താനാണ് സമാജ്‌വാദി പാർട്ടി പ്രവർത്തിക്കുന്നത്, എന്നാൽ ഒരു പാർട്ടി എസ്‌പിയെ തടയാനാണ് ഉദ്ദേശിക്കുന്നത്. ബി.ആർ അംബേദ്‌കറുടെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച പാർട്ടി വിജയിക്കാനല്ല, മറിച്ച് ബിജെപിയെ അധികാരം നിലനിർത്താൻ സഹായിക്കാനാണ് (തെരഞ്ഞെടുപ്പിൽ) മത്സരിക്കുന്നത്,' അഖിലേഷ് യാദവ് പറഞ്ഞു.
Also read: 'പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു' ; എഎന്‍ഐ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്
യുപിയില്‍ മാറ്റം കൊണ്ടുവരാനും രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കാനും അംബേദ്‌കറൈറ്റുകളും സമാജ്‌വാദി പാര്‍ട്ടിയും കൈകോർക്കണമെന്ന് അഖിലേഷ് പറഞ്ഞു. ബിഎസ്‌പിയില്‍ നിന്ന് നിരവധി പേർ എസ്‌പിയിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ നിയമസഭ കക്ഷി നേതാവ് ലാൽജി വർമയും മുതിർന്ന പാർട്ടി നേതാവ് രാം അചൽ രാജ്ഭറും ഉൾപ്പെടെ 19 ബിഎസ്‌പി എംഎൽഎമാരിൽ ഭൂരിഭാഗവും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട് എസ്‌പിയില്‍ ചേര്‍ന്നിരുന്നു.
ഫെബ്രുവരി 10ന് 58 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ തന്നെ ബിജെപിയെ പരാജയപ്പെടുത്താൻ ജനം തീരുമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം അറിയാൻ മാർച്ച് 10 വരെ കാത്തിരിക്കേണ്ടതില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. എസ്‌പി-ആർഎൽഡി സഖ്യം അധികാരത്തിലെത്തുമെന്ന് അവകാശവാദം ഉന്നയിച്ച അഖിലേഷ്, ബദായൂം, സംഭാൽ, മോറാദാബാദ് എന്നിവിടങ്ങളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമായിരിക്കും നേരിടുകയെന്നും പറഞ്ഞു. ഫെബ്രുവരി 14നാണ് യുപിയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.