ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ എതിര്‍പ്പിനിടെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐടി ജീവനക്കാരന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കി യുപി പൊലീസ്. തുക കൈമാറിയതിന്‍റെ തെളിവ് ലക്‌നൗ ഡെപ്യൂട്ടി കമ്മീഷണര്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചു.
കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും കേസില്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ രാധകാന്ത ത്രിപാഠി ദേശീയ മനുഷ്യവകാശ കമ്മിഷന് കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് മനുഷ്യവകാശ കമ്മിഷന്‍ ഉത്തർപ്രദേശ് ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്‌ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഇരുവരേയും സര്‍വീസില്‍ നിന്ന് സ്‌പെൻഡ് ചെയ്‌തുവെന്നും ഡിജിപി അറിയിച്ചു.
ഇടക്കാല നഷ്‌ടപരിഹാരം നല്‍കാനാകില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്‍റെ നിലപാടില്‍ കമ്മിഷന്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ നാല് ആഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്‌തു. കേസില്‍ കൊല്ലപ്പെട്ടയാളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതിനാൽ നഷ്‌ടപരിഹാരം നൽകാന്‍ ഭരണകൂടം ബാധ്യസ്ഥരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
എന്നാല്‍ കേസ് ലഖ്‌നൗവിലെ അഡീഷന്‍സ് ജില്ലാ സെഷൻസ് ജഡ്‌ജിയുടെ പരിഗണനയിലാണെന്നും ഇടക്കാല നഷ്‌ടപരിഹാരം നല്‍കുന്നത് ന്യായീകരിക്കാനാകില്ലെന്നും യുപി സര്‍ക്കാര്‍ മറുപടി നല്‍കി. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതും നഷ്‌ടപരിഹാരം നല്‍കുന്നതും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു കമ്മിഷന്‍റെ നിലപാട്.
2018 സെപ്റ്റംബർ 29 ന് ലഖ്‌നൗവിലെ ഒരു മൾട്ടിനാഷണൽ ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്ന വിവേക് തിവാരിയെ ക്രിമിനൽ ഏറ്റുമുട്ടലെന്ന വ്യാജേനെ പൊലീസ് ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാറും സന്ദീപ് കുമാറും വെടിവച്ചു കൊന്നുവെന്നാണ് കേസ്. എന്നാല്‍ തന്നെയും മറ്റൊരാളെയും കൊല്ലാൻ ശ്രമിച്ചതിനാലാണ് വിവേകിനെതിരെ വെടിയുതിർത്തതെന്നായിരുന്നു പ്രതികളുടെ വാദം.