ലക്‌നൗ: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനായി യുപി പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ നിര്‍ണായകമാവുക മുസ്‌ലിം-ദലിത് വോട്ടുകള്‍. ഒന്‍പത് ജില്ലകളിലായി 55 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഒന്‍പത് ജില്ലകളിലും മുസ്‌ലിം -ദലിത് വിഭാഗമാണ് ഭൂരിപക്ഷമാമെന്നതിനാല്‍ ആദ്യ ഘട്ടത്തെക്കാള്‍ രണ്ടാം ഘട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ വെല്ലുവിളിയായിരിക്കും.
55ല്‍ 25 മണ്ഡലങ്ങളില്‍ മുസ്‌ലിം വിഭാഗവും 20 മണ്ഡലങ്ങളില്‍ ദലിത് വിഭാഗവുമാണ് ഭൂരിപക്ഷം. ഇത് കൂടാതെ ഒബിസി, ജാട്ട് വോട്ടര്‍മാരും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ബിഎസ്‌പി-എസ്‌പി-ആര്‍എല്‍ഡി ശക്തികേന്ദ്രമായ ഈ പ്രദേശങ്ങളില്‍ ബിജെപി കടന്നു കൂടുക ശ്രമകരമായിരിക്കും. കര്‍ഷകരുടെ പ്രതിഷേധവും ബിജെപിക്ക് തിരിച്ചടിയായേക്കാം.
2017 നിയമസഭ തെരഞ്ഞെടുപ്പും ബിജെപിയും
2017ല്‍ രാജ്യത്താകെ അലയടിച്ച മോദി തരംഗം പടിഞ്ഞാറല്‍ യുപി തെരഞ്ഞെടുപ്പിലും സ്വാധീനിച്ചിരുന്നു. മുസാഫര്‍നഗര്‍ ലഹള, ഹിന്ദുക്കളുടെ കൈരാന പലായനം സംബന്ധിച്ച പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയധ്രുവീകരണവും ഹിന്ദു വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിച്ചത് പാര്‍ട്ടിക്ക് നേട്ടമായിരുന്നു. 55 മണ്ഡലങ്ങളില്‍ 38 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. സമാജ്‌വാദി പാര്‍ട്ടി 15, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില.
2022 നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ ബിജെപി
എന്നാല്‍ യുപിയിലെ ഇന്നത്തെ സാഹചര്യം വ്യത്യസ്‌തമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംസ്ഥാനത്തെ കര്‍ഷകരെ ബിജെപിക്കെതിരാക്കി. നാല് കര്‍ഷരുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ മരണത്തിന് കാരണമായ ലഖിംപൂര്‍ ഖേരി സംഘര്‍ഷവും ബിജെപിക്ക് തിരിച്ചടിയായി.
കൂടാതെ പ്രദേശികമായി വിള സംഭരിക്കാത്തതും കരിമ്പ് കുടിശിക നൽകുന്നതിലുള്ള കാലതാമസവും കരാണം കര്‍ഷകര്‍ ബിജെപിക്കെതിരാണ്. മുസ്‌ലിം -ദലിത് ഭൂരിപക്ഷമുള്ളതിനാല്‍ തന്നെ ബിജെപിക്ക് ഈ പ്രദേശങ്ങളില്‍ വലിയ പ്രതീക്ഷ വേണ്ട. ആര്‍എല്‍ഡി അപ്രസക്തമായതോടെ സമാജ്‌വാദി പാര്‍ട്ടിക്കാണ് മുന്‍ തൂക്കം. എന്നാല്‍ ചില സീറ്റുകളില്‍ ബിജെപിയും നേട്ടം കൊയ്‌തേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
Also Read: 'യു.പിയെ കേരളമാക്കരുത്, ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്': പ്രകോപനവുമായി വീണ്ടും യോഗി ആദിത്യനാഥ്