ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിന്‍റ 'മിഷൻ ശക്തി' പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .യുപിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നതിനായാണ് ബിജെപി സർക്കാർ മിഷൻ ശക്തി ആരംഭിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
യുപിയിൽ ബലാത്സംഗത്തിന് ശേഷം യുവതിയെ ചുട്ടുകൊന്ന കേസിൽ പ്രതികൾക്കെതിരെ ഒരു മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സർക്കാരിന്‍റെ കാപട്യം മറച്ചു വെക്കാനാണ് മിഷൻ ശക്തി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
യുപിയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒക്ടോബറിലാണ് മിഷൻ ശക്തി കാമ്പയിൻ ആരംഭിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഇരുമ്പ് ദണ്ടുകൊണ്ട് കൈകാര്യം ചെയ്യുമെന്ന് യോഗി സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.