ലഖ്‌നൗ(ഉത്തര്‍ പ്രദേശ്): ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പായ എച്ച്എംഐ 30 ഹോട്ടലുകള്‍ തുടങ്ങാനായി ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ധാരണ പത്രം ഒപ്പുവച്ചു. ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റിന്‍റെ രണ്ടാം ദിവസമായ ഇന്നാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. 7,200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി എച്ച്എംഐ ഗ്രൂപ്പ് യുപിയില്‍ നടത്തുക.
ഉത്തര്‍ പ്രദേശിന്‍റെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരിശ്രമങ്ങള്‍ ഹോട്ടല്‍ വ്യവസായത്തിന് വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത് എന്ന് എച്ച്എംഐ പബ്ലിക് റിലേഷന്‍സ് ഡയറക്‌ടര്‍ തകമോട്ടോ യോകോയാമ പറഞ്ഞു. കാശി വിശ്വനാഥ് ഇടനാഴിയുടെ വികസനത്തോടെ വാരണസിയില്‍ വിനോദ സഞ്ചാരം വര്‍ധിച്ചിട്ടുണ്ട്. ഇത് തങ്ങളെ സംബന്ധിച്ച് വലിയ സാധ്യതയാണ്.
യുപിയുടെ വ്യാവസായിക നയങ്ങള്‍ പ്രോത്സാഹജനകമാണ്. ആ സാഹചര്യത്തില്‍ എച്ച്എംഐ ഗ്രൂപ്പ് ആഗ്ര, വാരണസി, അയോധ്യ എന്നിവയടക്കം 30 നഗരങ്ങളില്‍ ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കും. 10,000 ആളുകള്‍ക്ക് ഇതിന്‍റെ ഫലമായി പ്രത്യക്ഷമായി ജോലി ലഭിക്കുമെന്നും തകമോട്ടോ യോകോയാമ പറഞ്ഞു. ജപ്പാന്‍റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ 60 ഹോട്ടലുകളാണ് എച്ച്എംഐ ഗ്രൂപ്പ് നടത്തുന്നത്.
ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലെ ജപ്പാനും ഇന്ത്യയും തമ്മിലുള്ള സര്‍വതല സ്‌പര്‍ശിയായ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ജപ്പാന്‍ കാര്യങ്ങള്‍ക്കുള്ള വിദേശകാര്യമന്ത്രാലയത്തിലെ ഉപദേഷ്‌ടാവ് അശോക് ചവ്‌ല സംസാരിച്ചു. ജപ്പാന്‍ സര്‍ക്കാറുമായും ജപ്പാനിലെ വ്യവസായ സമൂഹവുമായും ബന്ധം പുലര്‍ത്തുന്നതിന് വിദേശകാര്യമന്ത്രാലയം യുപി സര്‍ക്കാറിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.