ഗോണ്ട : ഉത്തര്‍പ്രദേശിലെ സർക്കാർ ആശുപത്രിയിൽവച്ച് മരിച്ച നവജാത ശിശുവിന്‍റെ മുഖത്തിന്‍റെ പകുതി ഭാഗം മൃഗം ഭക്ഷിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ല മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. അന്വേഷണ സമിതി രൂപീകരിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഓഗസ്റ്റ് 28 ന് പുലര്‍ച്ചെ മരിച്ച കുട്ടിയുടെ മൃതദേഹം, പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് : ധനേപൂർ, ബച്ചായിപൂർ പ്രദേശത്തെ സിറാജ് അഹമ്മദ് - സൈറ ബാനോ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച (ഓഗസ്റ്റ് 27) രാത്രി 10 മണിയോടെയാണ് യുവതിയെ മുജെഹ്നയിലെ (Mujehna) കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയുണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട നവജാത ശിശുവിന് ഓക്‌സിജൻ നല്‍കാനായി കിടത്തണമെന്ന് പറഞ്ഞ് കുടുംബാംഗങ്ങളോട് വാര്‍ഡില്‍ നിന്നും പുറത്തിറങ്ങാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം : ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ നവജാത ശിശുവിനെ മറ്റൊരു വാർഡിലേക്ക് മാറ്റി. പിറ്റേ ദിവസം രാവിലെ കുഞ്ഞ് മരിച്ചതായി ആശുപത്രി ജീവനക്കാർ വീട്ടുകാരെ അറിയിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ചെന്നുകണ്ടപ്പോൾ മുഖത്തിന്‍റെ ഒരു ഭാഗം മൃഗം കടിച്ചുതിന്ന നിലയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ അനാസ്ഥക്കെതിരെ യുവതിയുടെ സഹോദരൻ ഹാറൂൺ ധനേപൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സഞ്ജയ് ഗുപ്‌തക്ക് പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിശദമായുള്ള അന്വേഷണത്തിന് ജില്ല മജിസ്‌ട്രേറ്റ് ഉജ്വല്‍ കുമാർ രണ്ടംഗ സമിതിക്ക് രൂപം നൽകി. ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. രശ്‌മി വർമ ഉള്‍പ്പെടെയാണ് ഈ സംഘത്തിലുള്ളത്. അടിയന്തരമായി റിപ്പോർട്ട് നല്‍കാനാണ് ജില്ല മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത്. "ഇത് വളരെ ഗുരുതരമായ സംഭവമാണ്. വിഷയം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും."- ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു.
യോഗിക്കെതിരെ എസ്‌പി : അതേസമയം, സംഭവത്തില്‍ സംസ്ഥാനത്ത് വന്‍ രാഷ്‌ട്രീയ വിവാദം ഉടലെടുത്തു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ സമാജ്‌വാദി പാർട്ടി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. "യോഗി ഭരണത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ അവസ്ഥ ലജ്ജാകരവും ഭയാനകവുമാണ്. ആളുകൾ എന്താണ് ചെയ്യേണ്ടത്, അവര്‍ എവിടെയാണ് പോകേണ്ടത്?". പാർട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ ഹിന്ദിയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
ഉത്തര്‍പ്രദേശിലെ ആരോഗ്യരംഗം പൂര്‍ണ പരാജയമാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. സമാനമായ വാര്‍ത്ത ഓഗസ്റ്റ് 27 നും പുറത്തുവന്നിരുന്നു. ദ്യോറിയ ജില്ല ആശുപത്രി അധികൃതര്‍ സ്‌ട്രെച്ചന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മകന്‍ തോളിലേറ്റി നടന്നതാണ് സംഭവം. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.