ഗോരഖ്‌പൂര്‍: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ നിവാസിയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്‌ചയ്‌ക്കുള്ളില്‍ യുപിഐ വഴി തട്ടിപ്പുകാര്‍ തിരിമറി നടത്തിയത് 1.52 കോടി രൂപ. തന്‍റെ ബാങ്ക് അക്കൗണ്ട് ആരോ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടികാട്ടി ഗോരഖ്‌പൂരിലെ ശാന്തിപുരം പ്രദേശവാസിയായ സച്ചിദാനന്ദ് ദുബൈ എസ്‌എസ്‌പി ഗൗരവ് ഗ്രോവറിന് പരാതി നല്‍കിയിരുന്നു. അക്കൗണ്ടില്‍ നിന്നും പണമിടപാട് നടന്നതിന്‍റെ 200 പേജടങ്ങുന്ന രേഖകളും പരാതിയോടൊപ്പം സച്ചിദാനന്ദ് കൈമാറിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് 1.52 കോടി രൂപയുടെ പണമിടപാട് നടന്നതായി പൊലീസ് കണ്ടെത്തിയത്. ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് വഴിയാണ് എല്ലാ തുകയും കൈമാറിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ പണമയച്ചത് കേരളത്തില്‍ നിന്നുള്ള 1000 ബാങ്ക് അക്കൗണ്ടുകളിലേയ്‌ക്കാണെന്നും അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മറ്റൊരാളുടേതുമാണെന്ന് കണ്ടെത്തി.
ഇത്രയും വലിയ തുക എവിടെനിന്നു വന്നു എന്ന് കണ്ടെത്താനായി പൊലീസ് പരാതിക്കാരനെ ചോദ്യം ചെയ്‌തു. എന്നാല്‍ ഇതില്‍ പൊലീസിനും വ്യക്തത ലഭിച്ചിട്ടില്ല. 2022 ജൂണില്‍ തന്‍റെ അടുത്ത ബന്ധു ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയെ തനിക്ക് പരിചയപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ ബാങ്കില്‍ താന്‍ ഒരു സേവിങ്ങ്‌സ് അക്കൗണ്ട് ആരംഭിച്ചിരുന്നുവെന്ന് സച്ചിദാനന്ദ് പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ബന്ധുവിനെയും ചോദ്യം ചെയ്‌തു. ചൈനീസ് പൗരന്‍മാരായ നിക്കോളാസ് ആൻഡ് കോയിൽസ് എന്ന് പേരുള്ള രണ്ട് പേരാണ് അക്കൗണ്ടില്‍ നിന്നും പണമിടപാട് നടത്തിയതെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഇരുവരെയും താന്‍ കണ്ടിട്ടില്ലെന്നും ഇരുവരുടെയും പേരല്ലാതെ യാതൊരു വിവരവും തനിക്ക് അറിയില്ലെന്നും ഇവിടെ ഒരു സ്വകാര്യ കമ്പനിയുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കേസിന്‍റെ അന്വേഷണ ചുമതല സിഒ ഗോരഖ് നാഥ് രത്‌നേഷ് സിങിനാണെന്നും വ്യക്തമായ അന്വേഷണത്തിന് ശേഷമേ കേസിന്‍റെ വിശദവിവരങ്ങള്‍ കൈമാറാനാകുവെന്നും എസ്‌പി കൃഷ്‌ണ കുമാര്‍ വിഷ്‌ണോയ് പറഞ്ഞു.