ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര'യുടെ (Bharat Jodo Nyay Yatra) ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. ശനിയാഴ്‌ച ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന അനാച്ഛാദന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. "ന്യായ് കാ ഹഖ് മിൽനേ തക്" എന്നതാണ് യാത്രയുടെ മുദ്രാവാക്യം (The slogan of the Yatra is "Nyay ka haq milne tak").
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14 മുതൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശക്തമായ ചുവടുവയ്പ്പാണ് ‘ഭാരത് ജോഡോ ന്യായ് യാത്ര’, ഖാർഗെ പറഞ്ഞു.
ലോഗോ പ്രകാശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാനും ഖാർഗെ മറന്നില്ല. വംശീയ കലാപം നടന്ന മണിപ്പൂരിൽ പ്രധാനമന്ത്രി ഇതുവരെ സന്ദർശനം നടത്താൻ തയ്യാറായിട്ടില്ല എന്നായിരുന്നു വിമർശനം.
"ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങൾ ജനങ്ങളോട് പറയാൻ പോവുകയാണ്. പാർലമെന്‍റിൽ സംസാരിക്കാനും പ്രശ്‌നങ്ങൾ ഉന്നയിക്കാനും ഞങ്ങൾ ശ്രമിച്ചു. പക്ഷേ സർക്കാർ ഞങ്ങൾക്ക് അവസരം നൽകിയില്ല. 146 എംപിമാരെ സസ്‌പെൻഡ് ചെയ്‌തത് ചരിത്രത്തിലാദ്യമാണ്. അദ്ദേഹം ലോക്‌സഭയിൽ എത്തുമെങ്കിലും ഒരിക്കൽ പോലും രാജ്യസഭയിലേക്ക് എത്തിനോക്കിയിട്ടില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' ജനുവരി 14ന് ഇംഫാലിൽ നിന്ന് ആരംഭിച്ച് 6,713 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയുമാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുക. മാർച്ച് 20, 21 തിയ്യതികളിലായി മുംബൈയിൽ വച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം (The march will culminate in Mumbai on March 20 or 21).
Also Read:ഭാരത് ജോഡോ യാത്ര 2.0; മണിപ്പൂരിൽ നിന്ന് മുംബൈയിലേക്ക്, 'ഭാരത് ന്യായ് യാത്ര'യുമായി രാഹുൽ ഗാന്ധി