ന്യൂഡല്‍ഹി : ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ കണ്ടെത്തല്‍ ശരിവച്ച് ഡല്‍ഹി കോടതി. ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിന് കേസില്‍ പങ്കില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതംഗീകരിച്ച് ഡല്‍ഹി സിബിഐ കോടതി ഇദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി.
ഗൂഢാലോചന ആരോപണങ്ങൾ തള്ളിയ ജഡ്‌ജ് ധർമേഷ് ശർമ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍റെ വാദങ്ങള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് നിരീക്ഷിച്ചു. അതേസമയം, അശ്രദ്ധയില്‍ വാഹനമോടിച്ചതിന് ട്രക്ക് ഡ്രൈവർക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
2019ലാണ് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. റായ് ബലേറിയില്‍ വച്ച് അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read more: ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം
പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിനും 9 പേര്‍ക്കുമെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.
എന്നാല്‍ ട്രക്ക് ഉടമയായോ ഡ്രൈവറായോ സെന്‍ഗാറും മറ്റ് പ്രതികളും ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 2019 ഡിസംബർ 20ന് സെൻഗാറിന് കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 2020 മാര്‍ച്ച് നാലിന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സെന്‍ഗാറിനും മറ്റ് ആറ് പേര്‍ക്കുമെതിരെ ജീവപര്യന്തം തടവും വിധിച്ചിരുന്നു.