ലഖ്നൗ: രാജ്യത്തെ നടുക്കിയ ഉന്നാവോ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ഭാര്യ സംഗീത സെംഗാര്‍ ഉത്തര്‍പ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. ഉന്നാവോ ജില്ലാപ്പഞ്ചായത്തിലേക്ക് 22ാം വാര്‍ഡായ ഫത്തേപൂര്‍ ചൗരസിയില്‍ നിന്നുമാണ് സംഗീത മത്സരിക്കുന്നത്. നേരത്തെ ജില്ലാപ്പഞ്ചായത്ത് അധ്യക്ഷയായിരുന്നു സംഗീത സെംഗാര്‍.
സംഗീതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. ഒരേ സമയം കുറ്റവാളികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയും മറുവഴത്ത് അവരെ വാഴ്ത്തുകയും ചെയ്യുകയാണ് ബിജെപിയെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചത് പാര്‍ട്ടി ജില്ലാ-മേഖലാ ഘടകങ്ങളാണെന്നാണ് ബിജെപി നിലപാട്.
ജോലി തേടിയെത്തിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാരക്കിയ കേസില്‍ 2019 ഡിസംബറില്‍ കുല്‍ദീപ് സിംഗ് സെംഗാറിന് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതിലും സെംഗാറിന് പങ്കുള്ളതായി കണ്ടെത്തി. പെണ്‍കുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയും ബന്ധു കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017 ജൂണില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുമ്പില്‍ സ്വയം തീകൊളുത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധയിലേക്കുയര്‍ന്നത്. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്.