ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്‌ക്ക് മുന്നോടിയായി 13 മന്ത്രിമാർ രാജിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ എന്നിവരാണ് ഏറ്റവും ആദ്യം മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങിയത്. ഇരുവരും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി നൽകിയത്.
പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, രവി ശങ്കർ പ്രസാദ്, ബാബുൽ സുപ്രിയോ ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ, റാവു സാഹെബ് ധൻവേ പട്ടീൽ, സദാനന്ദ ഗൗഡ, അശ്വിനി ചൗബെ, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും രാജിവച്ചു.
READ MORE: പുനസംഘടന : രണ്ട് കേന്ദ്ര മന്ത്രിമാർ രാജിവച്ചു
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്. പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന രീതിയിലാകും പുനസംഘടനയെന്നാണ് കരുതുന്നത്.
അതേസമയം ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, നാരായൺ റാണെ, ഭുപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവർ പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നും സൂചനയുണ്ട്. ബുധനാഴ്‌ച വൈകുന്നേരം ആറിനാണ് മന്ത്രിസഭ അഴിച്ചുപണി.