ന്യൂഡല്‍ഹി: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ മുൻകൂട്ടി അവലോകനം ചെയ്യാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയില്‍ ഉയർന്നുവരുന്ന പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്താണ് നടപടികൾ (Public health situation in China). പൊതുജനാരോഗ്യ നടപടികൾ ഉടനടി അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നല്‍കി (Union Ministry of Health).
ഇൻഫ്ലുവൻസ, മൈകോപ്ലാസ്‌മ, ന്യുമോണിയ, തുടങ്ങിയ കാരണങ്ങളാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന കണക്കിലെടുത്താണ് സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ഇന്ത്യാ ഗവൺമെന്‍റ് സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും സൂചിപ്പിച്ചു. വടക്കന്‍ ചൈനയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടികള്‍.
കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ, പൊതുജനാരോഗ്യ നടപടികൾ ഉടനടി അവലോകനം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകൾ, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ വാക്‌സിനുകൾ, മെഡിക്കൽ ഓക്‌സിജൻ, ആന്‍റിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകളും റിയാക്‌ടറുകളും, ഓക്‌സിജൻ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവർത്തനക്ഷമത, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികൾ എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പാക്കുക.
ഇത്തരം നടപടികള്‍ ഏത് സാഹചര്യത്തെയും പ്രതിരോധിക്കാനും പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോകാരോഗ്യ സംഘടന ചൈനീസ് അധികാരികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിരിക്കെ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
ചൈനയിലെ കുട്ടികളില്‍ എച്ച് 9 എന്‍ 2 ബാധയും ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏത് തരത്തിലുളള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഇന്‍ഫ്ലുവന്‍സയും ശ്വാസകോശ രോഗവും മൂലം ഇന്ത്യയില്‍ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇന്‍ഫ്ലുവന്‍സ രോഗം പകരാനും ഗുരുതരമായ സാഹചര്യങ്ങള്‍ ഉണ്ടാകാനുളള സാഹചര്യവും കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. എന്നാലും സുരക്ഷയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രമായ ഇടപെടലാണ് ഇന്ത്യ നടത്തുന്നതെന്നും കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംവിധാനം കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിലുണ്ട്. ഏത് തരത്തിലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കും ഇന്ത്യ തയ്യാറാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ALSO READ: ശ്വാസകോശ അസുഖങ്ങളുടെ വ്യാപനം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്രസര്‍ക്കാര്‍
നേരത്തെ നവംബര്‍ 12 ന് ദേശീയ ആരോഗ്യ കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ രാജ്യത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിലുള്ള ആശങ്ക അധികൃതര്‍ പങ്കുവെച്ചിരുന്നു. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാകാം നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് എന്ന സംശയവും ആരോഗ്യ കമ്മിഷന്‍ ഭാരവാഹികള്‍ പങ്കുവയ്‌ക്കുകയുണ്ടായി. പകര്‍ച്ച വ്യാധികളുടെ വ്യാപനം സംബന്ധിച്ച് ആഗോള തലത്തിലെ നിരീക്ഷണ സംവിധാനം പ്രൊമെഡ് ചൈനയിലെ നിലവിലെ രോഗത്തെ അണ്‍ഡയഗ്‌നോസ്‌ഡ് ന്യുമോണിയ അഥവാ നിര്‍ണയിക്കപ്പെടാത്ത ന്യുമോണിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
ALSO READ: കുട്ടികളില്‍ മാരക ശ്വാസകോശ രോഗങ്ങള്‍, ആശങ്കയായി വീണ്ടും ചൈന: വിശദാംശങ്ങള്‍ ആരാഞ്ഞ് ലോകാരോഗ്യ സംഘടന