ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ കര്‍ഷക സംഘടനകളുമായി കേന്ദ്രം ചര്‍ച്ച നടത്തുന്നു. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ വിഗ്യാന്‍ ഭവനിലാണ് നടക്കുന്നത്. 32 കര്‍ഷക സംഘടനകളുടെ പ്രതിനിധികളെ കേന്ദ്രം ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്. കര്‍ഷക പ്രതിനിധികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കും കേന്ദ്രത്തിന്‍റ വാഗ്‌ദാനങ്ങളെന്ന് ചര്‍ച്ചയ്‌ക്ക് മുന്നോടിയായി നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക പ്രതിനിധി സംഘങ്ങളുമായി മൂന്ന് മണിക്കാണ് ചര്‍ച്ചയ്‌ക്ക് വിളിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് തികായത് പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷക സംഘടനാ പ്രതിനിധികളുമായി 7 മണിയോടെ ചര്‍ച്ച നടത്തും.
കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയ്‌ക്ക് മുന്നോടിയായി കേന്ദ്ര മന്ത്രിമാര്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പരിഹാരത്തിനായി മന്ത്രിമാര്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധത്തെ പിന്തുണക്കുന്ന സംസ്ഥാന നേതാക്കളോടടക്കം ഫോണ്‍ വഴി സംസാരിച്ചിരുന്നു. ഞായറാഴ്‌ചത്തെ മന്‍കി ബാത്തില്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്‍റെ അഭ്യൂഹ പ്രചരണങ്ങളെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയിലെ തിക്രി, ഗാസിപൂര്‍, സിംഗു എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രം പാര്‍ലമെന്‍റില്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.