പനജി: അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി ശ്രീപദ് നായികിനെ നാളെ ഗോവയിലെ ബാംബോളിമിലെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും.
അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരുകയാണെന്നും ജനുവരി 28ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ജനുവരി11നാണ് കർണാടകയിലെ അങ്കോള താലൂക്കിലെ ഒരു ഗ്രാമത്തിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവിന് കേന്ദ്ര ആയുഷ് മന്ത്രിയുടെ (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ചുമതലകൾ നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, കിരൺ റിജ്ജുവിന് താത്‌കാലിക ചുമതല നൽകിയത്.