കർണാടക: സംസ്ഥാന മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പിൻഗാമിയെക്കുറിച്ച് പാർട്ടി നേതൃത്വം തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. യെദ്യൂരപ്പയുടെ രാജി വിവാദത്തില്‍ പ്രതികരിയ്ക്കുകായിരുന്നു കേന്ദ്രമന്ത്രി. യെദ്യൂരപ്പയോട് രാജിവെക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. നിലവില്‍ പ്രചരിക്കുന്നതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'ചര്‍ച്ച ചെയ്തത് മാധ്യമങ്ങള്‍ മാത്രം'
യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പ്രഹ്‌ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്. പകരക്കാരനായി താന്‍ വരുമെന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങള്‍ മാത്രമാണ് ഇത് ചര്‍ച്ച ചെയ്യുന്നത്. തങ്ങള്‍ക്കുള്ളത് ഹൈക്കമാന്‍ഡല്ല ദേശീയ നേതൃത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ട് ഈ മാസം 26 ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ മധുരം പങ്കുവെയ്ക്കാന്‍ മുന്നിട്ടുനില്‍ക്കേണ്ട തലവന്‍ സ്ഥാനത്ത് തന്നെയുണ്ടാകുമോയെന്നത് പ്രവചിക്കുക അസാധ്യമാണ്.
'കേന്ദ്ര നിര്‍ദേശം അനുസരിക്കുമെന്ന് യെദ്യൂരപ്പ'
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ബി.എസ് യെദ്യൂരപ്പ സൂചന നല്‍കിയതാണ് കാരണം. നേതൃമാറ്റ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. സർക്കാരിന്‍റെ വാര്‍ഷിക ദിനമായ ജൂലായ് 26 നകം ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റെയും നേതൃത്വത്തിലുള്ള സർക്കാരിന്‍റെ തകർച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ബി.എസ്.വൈ സര്‍ക്കാരുണ്ടായത്.
മുന്‍പെങ്ങുമില്ലാത്ത മധുരം രുചിച്ചാണ് അധികാരത്തില്‍ വന്നതെങ്കിലും യെദ്യൂരപ്പയ്ക്ക് ഈ രണ്ട് വർഷം മുള്ളുള്ള കിടക്കയില്‍ കിടന്നതുപോലെയായിരുന്നു. നിരവധി പ്രശ്നങ്ങളും വെല്ലുവിളികളുമാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം നേരിട്ടത്. കനത്ത വെള്ളപ്പൊക്കം, ഉപതെരഞ്ഞെടുപ്പ്, കൊവിഡ് തരംഗം തുടങ്ങിയവയാണ് ബി.ജെ.പി സർക്കാർ നേരിട്ടതും നേരിടുന്നതുമായ വെല്ലുവിളികൾ.
ALSO READ: 'ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ല', ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി