ന്യൂഡല്‍ഹി : 2017 മുതല്‍ 2021 വരെ രാജ്യത്ത് 28,000ത്തിലധികം കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭ സമ്മേളനത്തില്‍ മന്ത്രിയുടെ പരാമര്‍ശം. കര്‍ഷക ആത്മഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആകെ 5955 കര്‍ഷകരാണ് 2017ല്‍ ആത്മഹത്യ ചെയ്‌തത്. 2018ല്‍ 5763ഉം, 2019ല്‍ 5957ഉം ജീവനൊടുക്കലുകളാണ് നടന്നത്. 2020ല്‍ 5579 കര്‍ഷകര്‍ മരിച്ചപ്പോള്‍ 2021ല്‍ ആത്മഹത്യ ചെയ്‌തത് 5318 പേരാണ്. ആകെ 28,572 കര്‍ഷകരാണ് ജീവനൊടുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
2017ല്‍ മഹാരാഷ്ട്രയില്‍ 2426 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയപ്പോള്‍ കര്‍ണാടകയില്‍ 1157 സംഭവങ്ങളാണ് നടന്നത്. 2018ല്‍ മഹാരാഷ്‌ട്രയില്‍ 2239 മരണവും കര്‍ണാടകയില്‍ 1365 കേസുകളും രേഖപ്പെടുത്തി. 2019 ആയപ്പോള്‍ മഹാരാഷ്‌ട്രയില്‍ 2680ഉം കര്‍ണാടകയില്‍ 1331ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2020ല്‍ മഹാരാഷ്‌ട്രയില്‍ 2567 ഉം കര്‍ണാടകയില്‍ 1072ഉം കര്‍ഷകര്‍ ജീവനൊടുക്കി. 2021 ആയപ്പോള്‍ മഹാരാഷ്‌ട്രയുടെ കണക്കുകള്‍ 2640ഉം കര്‍ണാടകയിലെ കണക്കുകള്‍ 1170ഉം ആയി ഉയര്‍ന്നു.
ബജറ്റ് വിഹിതം വർദ്ധിപ്പിക്കൽ, പ്രധാനമന്ത്രി കിസാൻ പദ്ധതിയിലൂടെ കർഷകർക്ക് വരുമാന പിന്തുണ നല്‍കല്‍, പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കാർഷിക മേഖലകള്‍ക്ക് വായ്‌പ ഉറപ്പാക്കൽ തുടങ്ങിയവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.