ശ്രീനഗര്‍ : കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബനിഹാൽ മേഖലയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കിരൺ റിജിജുവിന്‍റെ വാഹനം ചെറിയ അപകടത്തില്‍പ്പെട്ടത്. റംബാനിലെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കിനിടെ പിന്നിലേക്ക് നീങ്ങിയ വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും മന്ത്രി കിരൺ റിജിജു പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്‌ത മറ്റുള്ളവരും സുരക്ഷിതരാണ്. അതേസമയം മന്ത്രിയുടെ ഔദ്യോഗിക വാഹനം ട്രക്കുമായി കൂട്ടിമുട്ടിയതോടെ അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്ന് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാർഗം സഞ്ചരിക്കുകയായിരുന്ന കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്‍റെ കാർ ചെറിയൊരു അപകടത്തിൽപ്പെട്ടു. ആർക്കും തന്നെ പരിക്കുകളില്ല. തുടര്‍ന്ന് ബഹുമാനപ്പെട്ട മന്ത്രി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചുവെന്ന് പൊലീസ് അഡീഷണല്‍ ഡയറക്‌ടര്‍ മുകേഷ് സിങ് അറിയിച്ചു. എല്ലാം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജമ്മു കശ്മീരിലെ ഉധംപൂരിലേക്കുള്ള തന്‍റെ യാത്രയുടെ വീഡിയോകൾ റിജിജു കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ലീഗൽ സർവീസസ് ക്യാമ്പിൽ പങ്കെടുക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജമ്മു സർവകലാശാലയിൽ വച്ച് ഡോഗ്രി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പതിപ്പിന്‍റെ പ്രകാശനത്തില്‍ പങ്കെടുക്കാൻ കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ ജമ്മു കശ്മീർ സന്ദർശനം.
ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കലില്‍ മന്ത്രി പറഞ്ഞത് : ആധാറിലെ വിശദാംശങ്ങള്‍ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു നിശ്ചിത സമയക്രമം നല്‍കിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിലാണ് വ്യക്തമാക്കിയത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയിലൂടെയായിരുന്നു പ്രതികരണം.
ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് ഐഡന്‍റിറ്റി കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയപരിധിയോ സമയക്രമമോ നൽകിയിട്ടില്ല. ഇലക്‌ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നത് ഇതുവരെ ആരംഭിച്ചിട്ടുമില്ല എന്നും കിരണ്‍ റിജിജു പറഞ്ഞു. ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാത്തവരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഐഡന്‍റിറ്റി സ്ഥാപിക്കുന്നതിനായി നിലവിലുള്ളതും അല്ലെങ്കിൽ വരാനിരിക്കുന്നതുമായ വോട്ടര്‍മാര്‍ ആധാർ നമ്പർ നൽകണമെന്നുള്ള, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23 തെരഞ്ഞെടുപ്പ് നിയമങ്ങളിലെ 2021 ലെ ഭേദഗതി പ്രകാരം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർമാരോട് വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.