ന്യൂഡല്‍ഹി : ആധാറിലെ വിശദാംശങ്ങള്‍ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു നിശ്ചിത സമയക്രമം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നും ഇപ്പോഴില്ല: ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് ഐഡന്‍റിറ്റി കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയപരിധിയോ സമയക്രമമോ നൽകിയിട്ടില്ലെന്നും ഇലക്‌ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഐഡന്‍റിറ്റി സ്ഥാപിക്കുന്നതിനായി നിലവിലുള്ളതും അല്ലെങ്കിൽ വരാനിരിക്കുന്നതുമായ വോട്ടര്‍മാര്‍ ആധാർ നമ്പർ നൽകണമെന്ന്, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23 തെരഞ്ഞെടുപ്പ് നിയമങ്ങളിലെ 2021 ലെ ഭേദഗതി പ്രകാരം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർമാരോട് വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ആധാർ നമ്പർ സമർപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ നീട്ടിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2022 ഓഗസ്‌റ്റ് ഒന്ന് മുതല്‍ നിലവിലുള്ളതും വരാൻ പോകുന്നതുമായ വോട്ടർമാരുടെ ആധാർ നമ്പർ സ്വമേധയാ ശേഖരിക്കുന്നതിനുള്ള പരിപാടി തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിരുന്നു.
ആദ്യം പാനും ആധാറും : അതേസമയം മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് മൂലധന വിപണി നിയന്ത്രിക്കുന്ന ബോര്‍ഡായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചിരുന്നു. സുഗമമായ ഇടപാടുകള്‍ക്കും പണത്തിന് വിപണിയിലെ സുരക്ഷിതത്വത്തിനുമായാണ് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നതെന്നായിരുന്നു നിക്ഷേപരോടുള്ള സെബിയുടെ വിശദീകരണം. ഇത് പാലിക്കാത്ത പക്ഷം ഇവ നോണ്‍ കെവൈസി കംപ്ലെയ്‌ന്‍റ് (ഉപഭോക്താവിനെ അറിയുക) ആയി പരിഗണിക്കുമെന്നും പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വരെ സെക്യൂരിറ്റികള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സെബി അറിയിച്ചിരുന്നു.
Also Read: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി
ബന്ധിപ്പിക്കല്‍ നടപടി എന്തിന് : 2023 മാര്‍ച്ച് 31നകം ഓരോ വ്യക്തിയും തന്‍റെ പാന്‍ കാര്‍ഡ് (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസ് (സിബിഡിടി) 2022 മാര്‍ച്ചില്‍ ഇറക്കിയ സര്‍ക്കുലറിലും അറിയിച്ചിരുന്നു. 1961ലെ ഇന്‍കം ടാക്‌സ് ആക്‌ടിന് കീഴില്‍ പാന്‍ കാര്‍ഡ് പുതുക്കുകയോ, അതിനോട് പ്രതികരിക്കുകയോ ചെയ്യാത്തതിന് വരുന്ന എല്ലാ അനന്തരഫലങ്ങള്‍ക്കും ബാധ്യസ്ഥനാകുമെന്നും സിബിഡിടി ഈ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിലെ എല്ലാ ഇടപാടുകള്‍ക്കും പ്രധാന തിരിച്ചറിയല്‍ നമ്പറായും കെവൈസി ആവശ്യങ്ങള്‍ക്കുള്ള മാര്‍ഗമായും പാന്‍ (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍) പരിഗണിക്കുന്നതെന്നും സെബിയില്‍ രജിസ്‌റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളിലും മാർക്കറ്റ് ഇൻഫ്രാസ്ട്രക്‌ചര്‍ സ്ഥാപനങ്ങളിലും (എംഎംഐകള്‍) ഉപഭോക്താക്കള്‍ക്ക് കെവൈസി ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്നും അറിയിച്ച് സെബിയും രംഗത്തെത്തിയത്.
എന്നാല്‍ പിന്നീട് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. നികുതിദായകർക്ക് സാവകാശം നൽകുന്നത് പരിഗണിച്ചായിരുന്നു ഈ സമയപരിധി നീട്ടിയത്.