ന്യൂഡൽഹി: ക്യാബിൻ ക്രൂ ജീവനക്കാര്‍ നൽകിയ പരാതിയിന്മേൽ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യാ എക്‌സ്പ്രസിന് കാരണം കാണിക്കൽ നോട്ടീസയച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം (Union Labour Ministry Issues Show Cause Notice To Air India Express). വിമാനക്കമ്പനി തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ഷോക്കോസ് നോട്ടീസ്. ലേ ഓവർ സമയത്ത് മറ്റ് ക്രൂ അംഗങ്ങളുമായി മുറി പങ്കിടേണ്ടി വരുന്നതടക്കമുള്ള പരാതികളാണ് കമ്പനിക്കെതിരെ ജീവനക്കാര്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർലൈനിലെ തർക്കങ്ങൾ സംബന്ധിച്ച് തൊഴിൽ നിയമപ്രകാരമുള്ള അനുരഞ്ജന നടപടികൾ നീണ്ടതോടെയാണ് തൊഴിലാളികളുടെ സേവന വ്യവസ്ഥകളിൽ കമ്പനി മാറ്റം വരുത്തിയെന്നാരോപിച്ച് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 1947 ലെ വ്യാവസായിക തർക്ക നിയമത്തിലെ സെക്ഷൻ 33 ന്‍റെ ലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നോട്ടീസിലെ നിർദ്ദേശം. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള റീജിയണൽ ലേബർ കമ്മീഷണറാണ് നോട്ടീസ് നൽകിയത്.
Also Read: Air India new Logo | 'മഹാരാജ' പോയി, പുതിയ മുഖവുമായി എയർ ഇന്ത്യ; 'ദി വിസ്‌ത' ലോഗോ പുറത്തിറക്കി
ലേഓവർ സമയത്ത് മറ്റ് ക്രൂ അംഗങ്ങളുമായി മുറി പങ്കിടേണ്ടി വരുന്നതും, ചിലരുടെ സേവന വേതന കരാറുകൾ വെട്ടിക്കുറച്ചതും അടക്കമുള്ള വിഷയങ്ങളിൽ തൊഴിലാളികൾ എയർലൈൻ മാനേജ്‌മെന്‍റിനോട് ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ മാസം എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്ലോയീസ് യൂണിയൻ (AIXEU) ക്യാബിൻ ക്രൂ അംഗങ്ങളുടെ പരാതികളെപ്പറ്റി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതുകയും ചെയ്‌തിരുന്നു.