ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസിനെതിരെ പോരാടുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ പ്രതിനിധികളുമായി അദ്ദേഹം നിലവിലെ സാഹചര്യം വിലയിരുത്തി.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലയും ചീഫ് സെക്രട്ടറിമാർക്കും അഡ്‌മിനിസ്‌ട്രേറ്റർമാർക്കും കത്ത് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയത്. കൊവിഡ് ആശുപത്രികളിലും മറ്റും അണുബാധ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അതിന് വേണ്ടി മുൻകൈ എടുക്കണമെന്നും അദ്ദേഹം അയച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
രാജ്യത്തെ ബ്ലാക്ക് ഫംഗസ് രോഗികൾ
രാജ്യത്ത് ഇതുവരെ 11,717 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചാതായാണ് കണക്കുകൾ. ഗുജറാത്തിൽ 2,859 പേർക്കും മഹാരാഷ്‌ട്രയിൽ 2,770 പേർക്കും ആന്ധ്രാപ്രദേശിൽ 768 പേർക്കും മധ്യപ്രദേശിൽ 752 പേർക്കും തെലങ്കാനയിൽ 744 പേർക്കും ത്രിപുരയിൽ ഒരാൾക്കുമാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.
എപിഡെമിക് ഡിസീസസ് ആക്‌ട് പ്രകാരം ബ്ലാക്ക് ഫംഗസിനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. പ്രമേഹമുള്ളവരിൽ ബ്ലാക്ക് ഫംഗസ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അധികൃതർ ശരിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നുമാണ് വിദഗ്‌ധർ പറയുന്നത്. കൊവിഡ് രണ്ടാം തരംഗത്തോടൊപ്പം ബ്ലാക്ക് ഫംഗസ് കൂടിെയത്തിയത് ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയെന്ന് ഏഷ്യൻ സൊസൈറ്റി ഓഫ് എമർജൻസി മെഡിസിൻ പ്രസിഡന്‍റ് ഡോ. തമോറിഷ് കോൾ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
Also Read: ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്നുമായി ബജാജ് ഹെൽത്ത്കെയർ
എന്നാൽ ഈ രോഗത്തിന്‍റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സ്‌റ്റിറോയിഡുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാത്തത്, പ്രമേഹം എന്നിവ ചിലപ്പോൾ ഇതിന് കാരണമായേക്കാം എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും പ്രമേഹം കർശനമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡോക്‌ടർ വ്യക്തമാക്കി.
Also Read: ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കാൻ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം