ന്യൂഡല്‍ഹി: രണ്ടാം മോദിമന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ഇന്ന്(ജൂലൈ 8) ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തും. പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് കൂടിക്കാഴ്ച നടക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 43 പുതിയ മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്.
കാബിനറ്റ് മന്ത്രിമാരായി 15 പേരും സഹമന്ത്രിമാരായി 28 പേരുമാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. പുനസംഘടനയോടെ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 78 ആയി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, സർബാനന്ദ സോനവാൾ എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാരിലെ പ്രമുഖർ.
സഹമന്ത്രിമാരായിരുന്ന കിരൺ റിജിജു, ഹർദീപ് സിങ് പുരി, ജി കിഷൻ റെഡ്ഡി, അനുരാഗ് സിങ് താക്കൂർ എന്നിവർക്കും കാബിനറ്റ് പദവി ലഭിച്ചു. പുനസംഘടനയുടെ ഭാഗമായി 7 വനിതളെ കൂടി ഉള്‍പ്പെടുത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം 11 ആയി.
Also Read: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും- പട്ടിക കാണാം