ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ സീനിയർ സിറ്റിസൺ സേവിങ്‌സ് സ്‌കീമിന്‍റെ നിക്ഷേപ പരിധി 30 ലക്ഷം രൂപയായും പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്‍റെ നിക്ഷേപ പരിധി ഒൻപത് ലക്ഷം രൂപയായും വർധിപ്പിക്കാൻ പ്രഖ്യാപനം. സ്‌ത്രീകൾക്കായി പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സീനിയർ സിറ്റിസൺ സേവിങ്‌സ് സ്‌കീമിന്‍റെ നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്നാണ് 30 ലക്ഷത്തിലേക്ക് ഉയർത്തുന്നത്.
പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്‍റെ നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയിൽ നിന്ന് ഒൻപത് ലക്ഷത്തിലേക്കും ജോയിന്‍റ് അക്കൗണ്ടിന് ഒൻപത് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയുമായാണ് ഉയർത്താൻ നിർദേശം. സ്‌ത്രീകളുടെ ക്ഷേമത്തിന് വേണ്ടി 'ആസാദി കാ അമൃത് മഹോത്സവ് മഹിള സമ്മാന് ബചത് പത്ര' എന്ന പദ്ധതി പ്രഖ്യാപനം നടത്തിയ ധനമന്ത്രി ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിള സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ് 2025 മാർച്ച് വരെ രണ്ട് വർഷത്തേക്ക് ലഭ്യമാക്കുമെന്നും പറഞ്ഞു.
സ്‌ത്രീകളുടെയോ കുട്ടികളുടെയോ പേരിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപ സൗകര്യം വാഗ്‌ദാനം ചെയ്യുന്ന ഈ പദ്ധതിയിൽ 7.5 ശതമാനം പലിശ നിരക്കിൽ രണ്ട് വർഷത്തെ കാലയളവിലേക്കാണ് പണം നിക്ഷേപിക്കുക. കൂടാതെ ഭാഗികമായി പിൻവലിക്കാനും സാധിക്കും. നിക്ഷേപകർക്ക് ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികളും അടയ്‌ക്കപ്പെടാത്ത ഡിവിഡന്‍റുകളും(ലാഭവിഹിതം) ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിൽ നിന്ന് എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ നിക്ഷേപകർക്കായി ഒരു സംയോജിത ഐടി പോർട്ടൽ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.