ചണ്ഡീഗഡ്: എല്ലാ സമുദായങ്ങൾക്കും ഏകീകൃത നീതി ലഭ്യമാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്‍റെ ലക്ഷ്യമെന്നും മറ്റുള്ളവയൊക്കെ തെറ്റായ പ്രചരണം ആണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻഐഡി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ മൈനോറിറ്റി കോൺക്ലേവ് 2023ൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'സിവിൽ കോഡ് നടപ്പിലാക്കിയാൽ നമ്മുടെ മതപരമായ ആചാരങ്ങൾക്ക് പ്രശ്‌നമാകുമെന്നും മറ്റ് രാജ്യങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നതൊക്കെ അബദ്ധ ധാരണകളാണ്. വിവാഹ തർക്കങ്ങളോ സ്വത്തിന്‍റെ അനന്തരാവകാശമോ ആകട്ടെ ഏകീകൃത സിവിൽ കോഡിന്‍റെ വ്യവസ്ഥകൾ വിവിധ സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് തുല്യ നീതി ലഭ്യമാക്കുക എന്നതാണ്. വ്യത്യസ്ത സമുദായങ്ങൾ സ്വീകരിക്കുന്ന വ്യക്തിനിയമങ്ങളുടെ വ്യത്യസ്ത നിർവചനങ്ങൾ മൂലം നമ്മുടെ രാജ്യത്തെ സ്ത്രീകൾ അനീതി നേരിടുന്നുണ്ട്. അതിനാൽ എല്ലാ സമുദായങ്ങൾക്കും ഒരേ വ്യവസ്ഥകളുള്ള അത്തരമൊരു ഏകീകൃത നിയമം കൊണ്ടുവരേണ്ടത് അവശ്യമാണ്. ഒരു സിവിൽ നിയമത്തിന്‍റെ ലക്ഷ്യം നിങ്ങൾക്ക് ഏതൊക്കെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വേണമെന്ന് നിർദ്ദേശിക്കുകയല്ല. നീതിയുടെ ഏകീകൃതതയെക്കുറിച്ചാണ് സിവിൽ നിയമം സംസാരിക്കുന്നത്' മുഹമ്മദ് ഖാൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നാൽ അത് എല്ലാ സമുദായങ്ങളുടെയും സ്വത്വത്തെ ഇല്ലാതാക്കുമെന്നും വിവാഹ ചടങ്ങുകൾക്കും മരിച്ചവരുടെ ശവസംസ്‌കാരത്തിനും എല്ലാത്തരം കാര്യങ്ങൾക്കും ഏകീകൃത രീതി അവലംബിക്കാൻ അവർ നിർബന്ധിതരാകുമെന്നതുമാണ് സിവിൽ കോഡിനെതിരെ ഉയരുന്ന പ്രധാന എതിർപ്പ്. എന്നാൽ ഇവയൊക്കെ തികച്ചും അടിസ്ഥാനരഹിതമാണ് എന്നും ഖാൻ കൂട്ടിച്ചേർത്തു. സാർവത്രിക സാഹോദര്യത്തിന്‍റെയും സാമുദായിക സൗഹാർദ്ദത്തിന്‍റെയും സന്ദേശങ്ങളടങ്ങിയ സമ്പന്നമായ മൂല്യങ്ങൾ എല്ലാ ഇന്ത്യൻ നാഗരികതകളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ യുവാക്കളെ നമ്മുടെ പാരമ്പര്യങ്ങളോടും പൈതൃകത്തോടും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്‍റെ വികസനത്തിന് എല്ലാ സമുദായങ്ങളും തുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന് കോൺക്ലേവിൽ പങ്കെടുത്ത ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര പറഞ്ഞു. 'സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ പാകിസ്ഥാനുമായുള്ള യുദ്ധത്തെക്കുറിച്ചോ നമ്മൾ സംസാരിക്കുകയാണെങ്കിൽ, സ്വാതന്ത്ര്യ സമര സേനാനികളും നമ്മുടെ പ്രതിരോധ സേനകളും അവരുടെ മതമോ ജാതിയോ നോക്കാതെ നമ്മുടെ മണ്ണിനെ സംരക്ഷിക്കുന്നതിൽ സംഭാവന ചെയ്തിട്ടുണ്ട്. വിവിധ സമുദായങ്ങളിൽപ്പെട്ടവരായി കണക്കാക്കാതെ ഇന്ത്യക്കാരെ പൗരന്മാരായി വികസിപ്പിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,' ഇഖ്ബാൽ സിംഗ് ലാൽപുര പ്രസംഗിച്ചു.
പ്രധാനമന്ത്രി അമൃത് കാലിന്‍റ കാഴ്ചപ്പാട് നൽകിയിട്ടുണ്ടെന്നും ഒരു പൗരനെന്ന നിലയിൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും പരിപാടിയിൽ പങ്കെടുത്ത പാർലമെന്‍റംഗം സസ്‌മിത് പത്ര പറഞ്ഞു. മുത്തലാഖ് നിർത്തലാക്കുക, ഉന്നത വിദ്യാഭ്യാസത്തിന് തുല്യ അവസരങ്ങൾ നൽകുക, ന്യൂനപക്ഷ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുക, ന്യൂനപക്ഷങ്ങളുടെ സംരംഭകത്വത്തിന് പ്രധാനമന്ത്രി മുദ്ര യോജന വഴി വായ്‌പ നൽകൽ എന്നിവ നരേന്ദ്ര മോദി സർക്കാരിന്‍റെ സുപ്രധാന തീരുമാനങ്ങളിൽ ചിലതാണ്. ഇന്ത്യ ഒരു ആഗോള സൂപ്പർ പവർ ആകാൻ മുന്നോട്ട് പോകുമ്പോൾ, നിക്ഷിപ്‌ത താൽപ്പര്യമുള്ള പാശ്ചാത്യ ശക്തികൾ ഇന്ത്യയെയും ഇന്ത്യക്കാരെയും അപകീർത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.