റായ്ച്ചൂർ: ചെരുപ്പിനൊപ്പം പാന്‍റും അഴിച്ചുവേണം നദിയുടെ കുറുകെ നടക്കാന്‍. ഇല്ലെങ്കില്‍ നനഞ്ഞുകൊണ്ട് ക്ലാസിലിരിക്കേണ്ടിവരും. നടത്തത്തിനിടെ ബാഗ് തലയില്‍ ചുമക്കേണ്ടതുണ്ട്. മറിച്ചെങ്കില്‍, പാഠപുസ്‌തകങ്ങള്‍ മുഴുവന്‍ നനഞ്ഞുനശിക്കും. പറഞ്ഞുവരുന്നത് സ്‌കൂളിലേക്ക് പോവാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചാണ്.
കര്‍ണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവർഗുഡി ഗ്രാമത്തിലെ കുട്ടികളാണ് നിത്യവും ഈ വെല്ലുവിളി നേരിടുന്നത്. സിന്ധനുരു നഗരത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള സുഗമമായ യാത്രയ്‌ക്കുവേണ്ടി റോഡിനും പാലത്തിനുമായി പ്രദേശവാസികള്‍ ആവശ്യമുയര്‍ത്തിയിട്ട് നാളുകളേറെയായി. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
വിദ്യാലയത്തിന് പുറമെ ഈ നഗരത്തിലേക്ക് യാത്ര ചെയ്യേണ്ട മുതിര്‍ന്നവരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. മഴക്കാലത്ത് നദിയില്‍ വെള്ളം കയറിയാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌തംഭിച്ചു നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. കുട്ടികള്‍ നദി കടക്കുന്നതിനിടെ പൊടുന്നനെ ശക്തിയേറിയ വെള്ളം ഒഴുകിയെത്തിയാലുള്ള അപകട സാധ്യത പോലും മുന്‍കൂട്ടികണ്ട് നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.