ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ അബ്‌ദുൾ റഹ്‌മാൻ മക്കിയെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ തലവനായ ഹാഫീസ് സയീദിന്‍റെ ഭാര്യ സഹോദരനാണ് മക്കി. യുഎൻഎസ്‌സി 1267 കമ്മിറ്റി എന്നറിയപ്പെടുന്ന ഉപരോധ സമിതിയുടെ കീഴിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ 2020 ജൂണിൽ ചൈന എതിർത്തിരുന്നു.
ഇന്ത്യയും അമേരിക്കയും തങ്ങളുടെ ആഭ്യന്തര നിയമപ്രകാരം നേരത്തെ മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തീവ്രവാദത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ അക്രമത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇന്ത്യയിൽ (പ്രത്യേകിച്ച് ജമ്മു കശ്‌മീരിൽ) ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കി ഏർപ്പെട്ടിട്ടുണ്ട്. യുഎസ് നിയുക്ത വിദേശ ഭീകര സംഘടനയായ (എഫ്‌ടിഒ) എൽഇടിയിൽ ഇയാള്‍ വിവിധ നേതൃപരമായ റോളുകൾ വഹിച്ചിട്ടുണ്ട്.
ലഷ്‌കർ ഇ ടിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിലും മക്കി പങ്കുവഹിച്ചിട്ടുണ്ട്. 2020ൽ, ഒരു പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നൽകിയതിന്‍റെ പേരിൽ മക്കിയെ തടവിന് ശിക്ഷിച്ചിരുന്നതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോർട്ട്.