രുദ്രാപൂർ(ഉത്തരാഖണ്ഡ്) : യുക്രൈനിൽ തുടരുന്ന റഷ്യൻ അധിനിവേശം ഇന്ത്യയുടെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കൃഷി വിദഗ്‌ധർ. ഏകദേശം 235 മില്യൺ ഡോളർ വിലമതിക്കുന്ന സൂര്യകാന്തി എണ്ണയുടെയും രാസവളങ്ങളുടെയും 70 ശതമാനവും യുക്രൈനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ, നിലവിലെ പ്രതിസന്ധി കാർഷികമേഖലയെ ബാധിക്കുമെന്നും തൽഫലമായി ഭക്ഷ്യോൽപന്നങ്ങളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയേക്കുമെന്നും രുദ്രാപൂർ അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ ഗവേഷണ ഡയറക്‌ടർ ഡോ. എ.എസ്. നൈൻ പറഞ്ഞു.
യുക്രൈൻ-റഷ്യ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്തെ കാർഷിക മേഖലയ്ക്ക് യുദ്ധത്തിന്‍റെ ആഘാതം വഹിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഏകദേശം 2.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ (സൂര്യകാന്തി എണ്ണ) ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതിൽ 70 ശതമാനം യുക്രൈനിൽ നിന്നും 20 ശതമാനം റഷ്യയിൽ നിന്നും വരുന്നു.
കൂടാതെ ഏകദേശം 235 മില്യൺ ഡോളർ വിലമതിക്കുന്ന രാസവളങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും യുക്രൈനിൽ നിന്നാണ്. ഇവയിൽ പ്രധാനമായും എൻപികെയുടെയും ജൈവവളങ്ങളുടെയും മിശ്രിതമായ പൊട്ടാസിക് ഉൾപ്പെടുന്നു. എന്നാൽ യുക്രൈനെതിരായ റഷ്യൻ ആക്രമണത്തെത്തുടർന്ന് മേൽപ്പറഞ്ഞവയുടെ ഉൽപാദനവും വിതരണവും സ്തംഭിച്ചു. ഇത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ഇതിനോടകം ബാധിച്ചുവെന്നും, രാജ്യത്ത് അവയുടെ ലഭ്യതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോ. നൈൻ കൂട്ടിച്ചേർത്തു.
ALSO READ: റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന് സെലൻസ്‌കി
സമാനമായി, ഇന്ത്യയിൽ നിന്നും ഇരു രാജ്യങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്ന തേയില, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ മുതലായവയുടെ വിതരണ ശൃംഖലയും യുദ്ധസാഹചര്യത്തിൽ തടസപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യത്തിന്‍റെ കാർഷിക ഉൽപാദനക്ഷമതയിലും വലിയ അളവിൽ സ്വാധീനം ചെലുത്തിയേക്കാം. രാസവളങ്ങളുടെ ലഭ്യത കുറയുന്നത് അവയുടെ വിലയിൽ ക്രമാതീതമായ വർധനവിന് കാരണമാകുന്നു. ഏതായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഏത് തലത്തിലേക്ക് നീങ്ങുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും ഡോ. നൈൻ പറഞ്ഞു.