ന്യൂഡൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ രക്ഷാദൗത്യം കൂടുതൽ ഊർജിതമാക്കി ഇന്ത്യ. ഓപ്പറേഷൻ ഗംഗ എന്ന പേരിട്ട രക്ഷാദൗത്യത്തിൽ ഇൻഡിഗോ, സ്‌പൈസ്ജെറ്റ് വിമാന സർവീസുകൾ ഭാഗമാകും.
ഇൻഡിഗോ രണ്ട് സർവീസുകൾ നടത്തും
എ321എയർക്രാഫ്‌റ്റിന്‍റെ ഒരു വിമാനം ഡൽഹിയിൽ നിന്ന് റൊമേനിയയിലേക്കും മറ്റൊരു സർവീസ് ഡൽഹിയിൽ നിന്ന് ഇസ്‌താബുൾ വഴി ഹംഗറിയിലേക്കും ഇന്ന് തിരിക്കും. കൂടുതൽ രക്ഷാദൗത്യങ്ങൾക്ക് പിന്തുണ അറിയിക്കുന്നുവെന്നും കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു.
സ്‌പെഷ്യൽ സർവീസ് അനുവദിച്ച് സ്‌പൈസ്ജെറ്റ്
അതേ സമയം രക്ഷാദൗത്യത്തിനായി സ്‌പെഷ്യൽ സർവീസ് സ്‌പൈസ്ജെറ്റ് അനുവദിച്ചു. ഹംഗറിയിലേക്കാണ് സ്‌പൈസ്ജെറ്റ് സർവീസ് നടത്തുക. ബോയിങ് 737 എംഎഎക്‌സ് എയർക്രാഫ്‌റ്റാകും ഇന്ന് ഡൽഹിയിൽ നിന്ന് സർവീസ് നടത്തുക. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങളെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്‌പൈസ്ജെറ്റ് അറിയിച്ചു.
ഓപ്പറേഷൻ ഗംഗ
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയത്തിക്കുന്ന 'ഓപ്പറേഷൻ ഗംഗ' ശനിയാഴ്‌ച മുതലാണ് ആരംഭിച്ചത്. അഞ്ച് എയർ ഇന്ത്യ വിമാനങ്ങളിലായി 1,156 ഇന്ത്യൻ പൗരന്മാരെയാണ് ഓപ്പറേഷനിലൂടെ തിരികെയെത്തിച്ചത്. ആറാമത്തെ സർവീസിലൂടെ 240 പൗരന്മാരും ഇന്ന് രാവിലെ ഡൽഹിയിലെത്തിയിരുന്നു. യുക്രൈനിൽ മെഡിക്കൽ വിദ്യാർഥികൾ അടക്കം 14,000 ഇന്ത്യൻ പൗരന്മാരാണ് കുടുങ്ങിക്കിടക്കുന്നത്.
അതേ സമയം 'ഓപ്പറേഷൻ ഗംഗ'യെ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ചു. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജുജു, വി.കെ സിങ് എന്നിവരെയാണ് ദൗത്യത്തിന് നിയോഗിച്ചതെന്നും യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇവരെ അയക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ALSO READ: ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യ തകര്‍ത്തു: 'സ്വപ്ന' വിമാനം പുനര്‍നിര്‍മിക്കുമെന്ന് യുക്രൈൻ