ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, അസോസിയേഷൻ ഓഫ് സൗത്ത്-ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) സെക്രട്ടറി ജനറൽ എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. മെയ് 3 മുതൽ 5 വരെ സെൻട്രൽ ലണ്ടനിൽ വിദേശ-വികസന മന്ത്രിമാരുടെ യോഗം നടക്കുമെന്ന് യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പാർലമെന്‍റിൽ പ്രഖ്യാപിച്ചു. രാജ്യങ്ങൾക്ക് വാക്സിനുകളുടെ തുല്ല്യ ലഭ്യത ഉറപ്പാക്കാനും പകർച്ചവ്യാധികളിൽ നിന്നും മികച്ച രീതിയിൽ തിരികെവരാനും ദരിദ്ര രാജ്യങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി പിന്തുണ നൽകാനും കാലാവസ്ഥ വ്യതിയാനത്തിനെതിരെ മികച്ച പ്രതിവിധി സൃഷ്ടിക്കാനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കാനുള്ള അവസരമാണ് ജി 7 ഉച്ചകോടിയിലൂടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പകർച്ചവ്യാധിയെയും കാലാവസ്ഥ പ്രതിസന്ധിയെയും നേരിടുകയെന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് ഏഴ് ജി 7 രാജ്യങ്ങൾ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റും സംയുക്തമായി പ്രതിനിധീകരിക്കുന്ന യൂറോപ്യൻ യൂണിയൻ എല്ലാ ചർച്ചകളിലും അതിഥിയായി പങ്കെടുക്കുന്നുമുണ്ട്. രണ്ട് വർഷത്തിനിടെ നടക്കുന്ന ആദ്യ വ്യക്തിഗത ജി 7 ഉച്ചകോടി ഇതായിരിക്കും.
ഏപ്രിൽ 25 മുതൽ ഇന്ത്യ സന്ദർശിക്കാനിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തന്‍റെ യാത്ര റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ, ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി ഇരുരാജ്യങ്ങളും വരും ദിവസങ്ങളിൽ ഒരു വെർച്വൽ മീറ്റിങ് നടത്തും.