ന്യൂഡല്‍ഹി: സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനി മുതല്‍ അക്കാദമിക് യോഗ്യതയും പ്രസിദ്ധീകരണങ്ങളുമില്ലാതെ തന്നെ വിദഗ്‌ധരെ ഫാക്കൽറ്റി അംഗങ്ങളായി നിയമിക്കാം. ഇതോടെ മുറപ്രകാരമുള്ള അക്കാദമിക് യോഗ്യതയും പ്രസിദ്ധീകരണങ്ങളുമൊന്നും നിര്‍ബന്ധമില്ലാത്ത ഒരു പുതിയ വിഭാഗത്തിന് കീഴിൽ കഴിവുറ്റ ഫാക്കൽറ്റി അംഗങ്ങളെ നിയമിക്കാന്‍ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കഴിയും. കഴിഞ്ഞയാഴ്‌ച നടന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മീഷന്‍റെ (യുജിസി) 560-ാമത് യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം.
"പ്രൊഫസേഴ്‌സ് ഓഫ് പ്രാക്‌ടീസ്" എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അടുത്തയാഴ്‌ച വിജ്ഞാപനം ചെയ്‌തേക്കും. പദ്ധതിയുടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എഞ്ചിനീയറിംഗ്, സയൻസ്, മീഡിയ, സാഹിത്യം, സംരംഭകത്വം, സോഷ്യൽ സയൻസ്, ഫൈൻ ആർട്‌സ്, സിവിൽ സർവീസ്, സായുധ സേന തുടങ്ങിയ മേഖലകളിലെ വിദഗ്‌ധർക്ക് ഈ നിയമനത്തിന് അർഹതയുണ്ട്. നിര്‍ദിഷ്‌ട തൊഴിലിലോ കര്‍ത്തവ്യത്തിലോ കുറഞ്ഞത് 15 വർഷത്തെ സേവനമോ പ്രവൃത്തി പരിചയമോ ഉള്ളവര്‍ പ്രൊഫസേഴ്‌സ് ഓഫ് പ്രാക്‌ടീസിന് യോഗ്യരായിരിക്കും. ഇവര്‍ക്ക് ആ തസ്‌തികക്ക് വേണ്ട ഔപചാരികമായ അക്കാദമിക് യോഗ്യത തടസമാകില്ല.
അതേസമയം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പ്രൊഫസേഴ്‌സ് ഓഫ് പ്രാക്‌ടീസിന് കമ്മീഷന്‍ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. പ്രൊഫസർമാരുടെ എണ്ണം അനുവദിച്ച തസ്‌തികകളുടെ 10 ശതമാനത്തിൽ കൂടുതലാകരുതെന്നാണ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, സ്‌കീമിന് കീഴില്‍ ഫാക്കൽറ്റി അംഗങ്ങളെ മൂന്ന് വിഭാഗങ്ങളിലായാണ് ഉൾപ്പെടുത്തുക. വ്യവസായ സ്ഥാപനങ്ങള്‍ ധനസഹായം നൽകുന്ന പ്രൊഫസർമാർ, സ്വന്തം പാടവം കൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമാകുന്ന പ്രാക്‌ടീസ് പ്രൊഫസർമാർ, ഓണററി അടിസ്ഥാനത്തിലുള്ള പ്രാക്‌ടീസ് പ്രൊഫസർമാർ എന്നിവരാണ് ഇവര്‍.
പ്രൊഫസർ ഓഫ് പ്രാക്‌ടീസിലേക്കുള്ള നിയമനം നിശ്ചിത കാലയളവിലേക്കായിരിക്കും നടക്കുക. മാത്രമല്ല, ഇവരുടെ നിയമനം ഒരു സർവകലാശാലയുടെയോ കോളജിന്‍റെയോ അനുവദനീയമായ തസ്‌തികകളിൽ മാത്രമായിരിക്കും. പുതുതായി അനുവദിക്കുന്ന ഇത്തരം തസ്‌തികകള്‍ ഇത് അനുവദിച്ച തസ്‌തികകളുടെ എണ്ണത്തെയും, സ്ഥിരം ഫാക്കൽറ്റി അംഗങ്ങളുടെ റിക്രൂട്ട്‌മെന്‍റിനെയും ബാധിക്കുകയില്ല. സ്ഥാപനവും വിദഗ്‌ധരും തമ്മിലുള്ള ഉടമ്പടിയോടെയുള്ള ഒരു ഏകീകൃത തുകയാകും നിയമിക്കുന്നവർക്ക് പ്രതിഫലമായി ലഭിക്കുക. എന്നാല്‍ സര്‍വീസിലുള്ള അധ്യാപന സ്ഥാനത്തുള്ളവര്‍ക്കോ, വിരമിച്ചവര്‍ക്കോ ഈ പദ്ധതിയുടെ ഭാഗമാകാനാവില്ല.
നിയമനം ഒരു വർഷം വരെ നീണ്ടുനിൽക്കാമെന്നും പ്രാരംഭ കാലാവധിയുടെ അവസാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിലയിരുത്തൽ നടത്തുകയും വിപുലീകരണത്തെ കുറിച്ച് തീരുമാനമെടുക്കുകയും ചെയ്യും. ഇതിനായി സ്ഥാപനങ്ങൾക്ക് സ്വന്തം വിലയിരുത്തൽ നടപടിക്രമവും രൂപീകരിക്കാം. ഒരു നിശ്ചിത സ്ഥാപനത്തിൽ പ്രാക്‌ടീസ് പ്രൊഫസറുടെ പരമാവധി സേവന കാലാവധി മൂന്ന് വർഷത്തിൽ കൂടാൻ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍ ചില അസാധാരണമായ സന്ദർഭങ്ങളിൽ ഒരു വർഷത്തേക്ക് കൂടി നീട്ടി നല്‍കാവുന്നതാണെന്നും, എന്നാല്‍ ഒരു സാഹചര്യത്തിലും സേവനം നാല് വർഷത്തിൽ കവിയാൻ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.