ന്യൂഡല്‍ഹി : റാഗിങ് തടയാന്‍ സര്‍വകലാശാലകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുജിസി. ഹോസ്‌റ്റലുകളില്‍ മിന്നല്‍ പരിശോധനകള്‍, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് , അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തല്‍ എന്നിവ യുജിസി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. നിരന്തരമായ സമ്പര്‍ക്കവും കൗണ്‍സിലിങ്ങും റാഗിങ്ങിനെ പ്രാഥമിക ദശയില്‍ തന്നെ കണ്ടെത്താനും അതിനെ നേരിടാനും സഹായിക്കുമെന്ന് യുജിസി വ്യക്തമാക്കി.
കാന്‍റീനുകള്‍ കോളജ് പരിസരത്തുള്ള ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ കൂടുന്ന ഇടങ്ങളില്‍ റാഗിങ് തടയാന്‍ മിന്നല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയിന്‍ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കോളജുകളില്‍ റാഗിങ് വിരുദ്ധ കമ്മിറ്റികളും സ്‌ക്വാഡുകളും സെല്ലുകളും സ്ഥാപിക്കണമെന്നും കോളജ് ബ്രോഷറിലൂടെയും മറ്റും ഇവയ്ക്ക് വ്യാപക പ്രചാരണം നല്‍കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, റാഗിങ് വിരുദ്ധ കമ്മിറ്റികളിലെ നോഡല്‍ ഓഫിസര്‍മാരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും കോളജ് വെബ്‌സൈറ്റില്‍ ലഭ്യമാക്കുക, റാഗിങ്ങിനെതിരായ സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നിവയും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. എല്ലാ അധ്യയനവര്‍ഷവും എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും റാഗിങ്ങിനെതിരായ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന സത്യവാങ്മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളജുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യുജിസി വ്യക്തമാക്കി.