ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്ത ഉഡുപ്പിയിലെ സർക്കാർ വനിത കോളജിനെതിരെ വിദ്യാർഥിനി ഹൈക്കോടതിയിൽ. ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, അത് ഇസ്‌ലാമിന്‍റെ അനിവാര്യമായ ആചാരമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യർഥിനി കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹിജാബ് ധരിച്ചു എന്ന കാരണം പറഞ്ഞ് കോളജിലും ക്ലാസിലും പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ വിലക്കി. ഹിജാബ് ധരിച്ച് കോളജിന്‍റെ ഡ്രസ് കോഡ് ലംഘിച്ചുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഹിജാബ് ധരിച്ച് കോളജിൽ പോകുന്നതിൽ നിന്ന് തന്നെ വിലക്കുന്ന നടപടി നിയമവിരുദ്ധവും വിവേചനപരവുമാണെന്നും വിദ്യാർഥിനി ആരോപിച്ചു.
ഹിജാബ് ധരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ഇത് ധരിച്ചെത്തിയതിനാൽ കോളജിൽ നിന്ന് പുറത്താക്കിയ രീതി ആ കുട്ടികളുടെ ബാച്ച്‌മേറ്റ്‌സിൽ മാത്രമല്ല, കോളജിലെ മുഴുവൻ കുട്ടികളിലും കളങ്കം സൃഷ്ടിക്കുന്നു. അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
READ MORE: കര്‍ണാടക ഹിജാബ് വിവാദം: പ്രശ്‌ന പരിഹാരത്തിന് വിദഗ്‌ധ സമിതി
രാഷ്ട്രീയ കാരണങ്ങളാലാണ് വിദ്യാർഥികൾക്കിടയിൽ വിവേചനം ഉണ്ടാക്കുന്നത്. മാത്രമല്ല മതത്തിന്‍റെ പേരിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ കോളജ് വെട്ടിക്കുറച്ചു. ഭരണഘടനയുടെ 25-ഉം 26-ഉം വകുപ്പുകൾ മതപരമായ ആചരണത്തിനുള്ള സ്വാതന്ത്ര്യം നിക്ഷിപ്‌തമാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഇസ്ലാമിക വിശ്വാസം അവകാശപ്പെടുന്ന സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ഇസ്ലാമിക മതത്തിന്‍റെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റത്തിന് കാരണമാകും. ഇക്കാരണത്താൽ ഹിജാബ് ധരിക്കുന്ന സമ്പ്രദായം ഇസ്ലാമിന്‍റെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണെന്നും ഖുർആനിലെ വാക്യങ്ങളെ പരാമർശിച്ചുകൊണ്ടുള്ള ഹർജിയിൽ വ്യക്‌തമാക്കുന്നു.
ഉഡുപ്പിയിലെ സർക്കാർ വനിത പിയു കോളജിലാണ് ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ല എന്ന് കാട്ടി അഞ്ചോളം വിദ്യാർഥികൾ സമരത്തിൽ ഏർപ്പെട്ടത്. പിന്നാലെ വിദ്യാർഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് അധികൃതർ കർശനമായി നിരോധിച്ചിരുന്നു. യൂണിഫോം മാത്രം അനുവദിക്കുന്ന ക്ലാസ് മുറികളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് യൂണിഫോം കോഡിന് എതിരാണെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.