കരൂർ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്‍റെ പ്രസ്‌താവന മോദി സർക്കാർ വളച്ചൊടിച്ചതെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin about Sanatan Dharma controversy). ഇന്നലെ കരൂർ ജില്ലയിൽ നടന്ന ഡിഎംകെ യുവജന വിഭാഗം പാർട്ടിയുടെ യൂത്ത് കേഡർ യോഗത്തിലാണ് മുൻ പരാമർശങ്ങളെ ചൊല്ലിയുണ്ടായ വിവാദത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരാണ് തന്‍റെ പരാമർശങ്ങളെ വളച്ചൊടിച്ച് വലുതാക്കിയതും രാജ്യം മുഴുവൻ അത് സംസാരിക്കാൻ പ്രേരിപ്പിച്ചതും'- ഉദയനിധി സ്റ്റാലിൻ പറഞ്ഞു(Udhayanidhi Stalin criticises bjp in Sanatan Dharma controversy).
ചെന്നൈയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു താൻ. അന്ന് മൂന്ന് മിനിറ്റ് മാത്രമാണ് ഞാൻ സംസാരിച്ചത്. എല്ലാവരോടും ഒരേപോലെ പെരുമാറണമെന്നും വിവേചനം കാണിക്കരുതെന്നും അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് താൻ പറഞ്ഞതെന്നും ഉദയനിധി പറഞ്ഞു.
'എന്‍റെ അഭിപ്രായത്തെ ബിജെപി വളച്ചൊടിച്ച് വലുതാക്കി, എന്നെക്കുറിച്ച് സംസാരിക്കാൻ കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ പ്രേരിപ്പിച്ചു. തന്‍റെ തലയ്‌ക്ക് 5-10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചവരുണ്ട്. വിഷയം നിലവിൽ കോടതിയിലാണ്. എനിക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ട്' എന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
തന്‍റെ പരാമർശങ്ങൾക്ക് ക്ഷമാപണം നടത്താൻ അവർ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ, മാപ്പ് പറയില്ലെന്ന് ഞാൻ വ്യക്തമാക്കി. താൻ സ്റ്റാലിന്‍റെ മകനും കലൈഞ്ജറുടെ ചെറുമകനുമാണെന്നും അവർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം മാത്രമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
നിയമപരമായ ഏത് വെല്ലുവിളിയും നേരിടാൻ താൻ ഒരുക്കമാണെന്നും ഇത്തരം സാധാരണ കാവി ഭീഷണികളിൽ പതറില്ലെന്നും ഉദയനിധി വിവാദ സമയത്ത് തന്നെ എക്‌സിൽ പോസ്റ്റ് ചെയ്‌തിരുന്നു. അതേസമയം, സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി മോദി അഭിപ്രായം പറയുന്നത് അനീതിയാണെന്നായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.