ചെന്നൈ : പ്രളയബാധിത ജില്ലകൾക്ക് ദുരിതാശ്വാസ ഫണ്ട് (Tamil Nadu Flood relief fund) അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉദയനിധി സ്റ്റാലിൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു (Udhayanidhi Meets PM Modi). ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിവാദത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയാണ് ഡൽഹിയിൽ നടന്നത്.
ദേശീയതലത്തില്‍ ബിജെപിയും ഡിഎംകെയും തമ്മിലുള്ള പരസ്യ വാക്‌പോരിന് വഴിവച്ച സനാതന ധര്‍മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം, ജനുവരി 19ന് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടനത്തിലേക്ക് പ്രധാനമന്ത്രിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തു.
തമിഴ്‌നാട്ടിലെ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് ഉദയനിധി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ചെന്നൈ, തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. പ്രധാനമന്ത്രി തിരുച്ചിയിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി സ്റ്റാലിൻ ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെട്ടിരുന്നു.
- " class="align-text-top noRightClick twitterSection" data="">
'മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടതനുസരിച്ച്, തമിഴ്‌നാട്ടിലെ പ്രളയബാധിത ജില്ലകളിലെ സമഗ്രമായ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് ദേശീയ ദുരന്തനിവാരണ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
തമിഴ്‌നാടിന് പൊതു പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ കായിക രംഗത്തെ ബഹുമുഖ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തു. കൂടിക്കാഴ്‌ചയ്ക്കിടെ, 2023-ലെ സിഎം ട്രോഫി ഗെയിംസിന്‍റെയും തമിഴ്‌നാട് ആതിഥേയത്വം വഹിച്ച ഏഷ്യൻ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിന്‍റെയും വിജയകരമായ നടത്തിപ്പ് കാണിക്കുന്ന ഒരു കോഫി ടേബിൾ ബുക്കും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, തമിഴ്‌നാടിന്‍റെ സംഘാടന ശേഷിയും കായിക രംഗത്തെ മഹത്തായ ചരിത്രവും പ്രകടമാക്കാനുള്ള മറ്റൊരു അവസരമായിരിക്കും' - പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം ഉദയനിധി ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, ഡൽഹി സന്ദർശനത്തിനിടെ സ്റ്റാലിൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തി. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും ഉദയനിധി സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്‌തു.
'രാഹുൽ ഗാന്ധിയെ ഇന്ന് ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചു. തമിഴ്‌നാട്ടിൽ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്‍റെ മതേതര ധാർമികത സംരക്ഷിക്കുന്നതിനുള്ള ഇന്ത്യ സഖ്യത്തിന്‍റെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ച് ഞങ്ങൾ ഹ്രസ്വചർച്ച നടത്തി' - ഉദയനിധി കുറിച്ചു.