ശ്രീനഗർ: ജമ്മു കാശ്‌മീർ നിവാസികളുടെ ചിരകാല സ്വപ്‌നമായ സ്ഥിരം റെയിൽ പാത അടുത്ത വർഷം യഥാർത്ഥ്യമാകും. 2024 മാർച്ചിൽ ഉധംപൂർ, ശ്രീനഗർ, ബാരാമുള്ള എന്നിവിടങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽ പാത പൂർത്തിയാകുന്നതോടെ വർഷത്തിൽ എല്ലായ്‌പ്പോഴും ജമ്മു കശ്‌മീരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാനാകും. റെയിൽ പാതയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 111 കിലോമീറ്റർ പാത മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവിടെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായാണ് ഉത്തര റെയിൽവേയിൽനിന്ന് ലഭിക്കുന്ന വിവരം.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈൻ (USBRL) എന്നറിയപ്പെടുന്ന പദ്ധതി ഏതാണ്ട് പൂർത്തിയായതായും, 111 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ചെറിയ ഭാഗം മാത്രമേ ബാക്കിയുള്ളൂ എന്നും ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) ദീപക് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ ഈ വർഷം ഡിസംബറോടെയോ അടുത്ത വർഷം ആദ്യമോ റെയിൽ പാത പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര റെയിൽവേയിൽ ബൃഹത്തായ വികസന പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പുതുതായി നിർമ്മിച്ച റെയിൽപാതയിൽ അധികം വൈകാതെ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ (മാർച്ച് 2024) ജമ്മു-ശ്രീനഗർ റെയിൽവേ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഈ റൂട്ടിൽ ഓടാനുള്ള ട്രെയിൻ കശ്‌മീരിലെ താഴ്ന്ന താപനിലയിലും, ഉയർന്ന പാതയിലും തടസമില്ലാതെ പ്രവർത്തനം ഉറപ്പാക്കും വിധമാണ് എൻജിനീയറിങ് ചെയ്തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടിരുന്നു.
27,949 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 272 കിലോമീറ്റർ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനിൽ 38 തുരങ്കങ്ങളുണ്ടാകും. ഇവയുടെ ആകെ ദൈർഖ്യം 119 കിലോമീറ്ററായിരിക്കും. ഇക്കൂട്ടത്തിൽ 12.75 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും നീളമുള്ള ട്രാൻസിറ്റ് ടണലായ ടി-49 ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി ചെനാബ് നദിയ്‌ക്ക് കുറുകെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉടൻ പ്രവർത്തനക്ഷമമാകും. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതലുണ്ട്. 1,400 കോടി രൂപ ചെലവിലാണ് ഈ പാലം നിർമ്മിക്കുന്നത്.
2002- ലാണ് ഉത്തര റെയില്‍വേ ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയെ ദേശീയ പദ്ധതിയായി പ്രഖ്യാപിക്കുന്നത്. നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിർമ്മിക്കേണ്ടിവരും എന്നതാണ് തുടക്കം മുതൽ പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായി പറഞ്ഞിരുന്നത്. പ്രതികൂല കാലാവസ്ഥയടക്കമുള്ള പല വെല്ലുവിളികളെയും അതിജീവിച്ചാണ് റെയിൽവേ ഈ സ്വപ്‌ന പദ്ധതി യഥാർത്ഥ്യമാകുന്നത്.