മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കൂടിക്കാഴ്‌ച നടത്തി. ഇരുപാർട്ടികളും തമ്മിൽ ആശയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തിങ്കളാഴ്‌ച താക്കറെയുടെ മുംബൈയിലുള്ള 'മതോശ്രീ' വസതിയിൽ എത്തിയാണ് വേണുഗോപാൽ കൂടിക്കാഴ്‌ച നടത്തിയത്.
കോൺഗ്രസുമായി ഒന്നിച്ച് നിൽക്കും: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുപ്പാണ് ഈ കൂടിക്കാഴ്‌ച. വേണുഗോപാലിനെ തന്‍റെ വസതിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നെന്നും പ്രത്യയശാസ്‌ത്രത്തിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഇത് ജനാധിപത്യത്തിനാണെന്നും താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവസാനിക്കെ തങ്ങൾ ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ താക്കറെ പറഞ്ഞു.
ബിജെപി ശിവസേനയെ വഞ്ചിച്ചു: ബിജപിയ്‌ക്ക് അധികാരം മാത്രമാണ് ആവശ്യം. എന്നാൽ, ജനാധിപത്യം സംരക്ഷിക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ ശിവസേനയും കോൺഗ്രസും ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 - 30 വർഷക്കാലം ബിജെപിയുമായി ശിവസേന നല്ലൊരു ബന്ധം പുലർത്തിയിരുന്നു. എന്നാൽ ശരിയായ ശത്രുക്കളേയും സുഹൃത്തുക്കളേയും തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല. അതിനാൽ രാജ്യത്തിന്‍റെ ജനാധിപത്ത്യത്തിനായുള്ള പോരാട്ടത്തിൽ കോൺഗ്രസുമായി ഒന്നിച്ച് നിൽക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ബിജെപി തങ്ങളെ വഞ്ചിച്ചതായും ആരോപിച്ചു.
കോൺഗ്രസ് നേതാക്കളെ കാണാൻ താക്കറെയ്‌ക്ക് ക്ഷണം: മുംബൈയിൽ കഴിഞ്ഞ തവണ ബിജെപി അധ്യക്ഷൻ ജെപി നദ്ദ സന്ദർശനം നടത്തിയപ്പോൾ 'ഒരേ ഒരു പാർട്ടി മാത്രമേയുണ്ടാകൂ, അത് ബിജെപിയാണ്' എന്ന പ്രസ്‌താവന നടത്തിയിരുന്നു. ഇത് ബിജെപിയോടൊപ്പം നിന്ന മറ്റ് പാർട്ടികളോടുള്ള വഞ്ചനയാണെന്നും ബിജെപി ശിവസേനയെ വഞ്ചിച്ചതായും അതേരീതിയിൽ മറ്റു പാർട്ടികളേയും വഞ്ചിക്കുമെന്നും താക്കറെ പറഞ്ഞു. അതേസമയം ഉദ്ധവ് താക്കറെയോട് ഡൽഹിയിൽ വന്ന് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണാൻ താൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് വേണുഗോപാൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 13ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഒരുമിച്ച് നീങ്ങണമെന്നും പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനായി മറ്റു പാർട്ടികളുമായി സംസാരിക്കേണ്ടതുണ്ടെന്നുമാണ് കൂടിക്കാഴ്‌ചയിൽ ഇരുകൂട്ടരും പ്രധാനമായും ചർച്ച ചെയ്‌തത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന്‍റെ ശ്രമമായി മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.