മുംബൈ: കാബ് ഡ്രൈവർ അധിക്ഷേപിച്ചെന്ന പരാതിയുമായി മറാത്തി ചലച്ചിത്രതാരം മാൻവ നായിക്. ശനിയാഴ്‌ചയാണ്(ഒക്‌ടോബര്‍ 15) താരം യൂബർ കമ്പനിയുടെ കാർ ഡ്രൈവറിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ശനിയാഴ്‌ച രാത്രി ബികെസിയിൽ നിന്ന് മറ്റൊരു സ്ഥലത്തേയ്‌ക്ക് താരം കാബ് ബുക്ക് ചെയ്‌തിരുന്നു.
എന്നാൽ ഡ്രൈവർ കാർ ഓടിക്കുന്നതിനിടെ ഫോണിൽ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡ്രൈവറോട് വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് താരം പറഞ്ഞതിന് അയാൾ പരുഷമായി പെരുമാറി. ഡ്രൈവ് ചെയ്യുന്നതിനിടെ കാബ് ഡ്രൈവർ സിഗ്നലും ലംഘിച്ചു.
സിഗ്നൽ ലംഘിച്ചതിന് ട്രാഫിക് പൊലീസ് ഇയാളെ തടഞ്ഞു നിർത്തി ഫോട്ടോ എടുത്തതിനെതിരെ കാബ് ഡ്രൈവർ പൊലീസുമായി തർക്കിക്കാൻ തുടങ്ങി. കൃത്യസമയത്ത് പോകേണ്ടതുണ്ടെന്നും അയാളെ വേഗം വിടണമെന്നും മാൻവ നായിക് പൊലീസിനോട് പറഞ്ഞപ്പോൾ 500 രൂപ പൊലീസ് പിഴ അടക്കുമോ എന്ന് ഡ്രൈവർ മാൻവയോട് എതിർത്ത് സംസാരിച്ചു. ശേഷം താരം കാബ് കമ്പനിയുടെ സുരക്ഷ നമ്പറിലേയ്‌ക്ക് പരാതിപ്പെടാൻ വിളിച്ചെങ്കിലും അവിടെനിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല.
തുടർന്ന് ഡ്രൈവർ ചുനഭട്ടി വഴി കാർ കൊണ്ടുപോകാൻ ശ്രമിച്ചു. കാറിൽ നിന്ന് മാൻവ നായിക് നിലവിളിച്ചത് കണ്ട് രണ്ട് ബൈക്ക് യാത്രികർ കാർ നിർത്തിച്ചു. തുടർന്ന് കാറിൽ നിന്ന് ഇറങ്ങിയ മാൻവ ട്വിറ്ററിലൂടെയാണ് സംഭവം മുഴുവൻ പറഞ്ഞത്. കാബ് ഡ്രൈവറും കാബ് നമ്പറും ഇവർ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
സംഭവത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദി ടെലിവിഷൻ പരിപാടികളിലൂടെയും മറാത്തി സിനിമകളിലൂടെയും ശ്രദ്ധേയയാണ് മാൻവ നായിക്.