മുംബൈ : വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ തയ്യാറാക്കി ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ക്രൈംബ്രാഞ്ച് യൂണിറ്റ് 10ൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
Also Read: മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സുമായി ഡല്‍ഹി
ബിലാൽ ഫാറൂഖ് ഷെയ്ഖ് (24), റാഷിദ് ഷാക്കിൾ ഷെയ്ഖ് (32) എന്നിവരാണ് പിടിയിലായത്. ഡയഗ്നോസ്റ്റിക് ലാബുകളുടെ ഫോർമാറ്റും ഒറിജിനൽ റിപ്പോർട്ടുകളും വ്യാജമായി ഉപയോഗിച്ചാണ് പ്രതികൾ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ സൃഷ്ടിച്ചത്. ഈ വ്യാജ റിപ്പോർട്ടുകൾ വാട്‌സ്ആപ്പ് വഴി ആളുകൾക്ക് അയയ്ക്കാറുണ്ടെന്നും മൊബൈൽ പേയ്‌മെന്‍റ് ആപ്പുകള്‍ വഴി പണം വാങ്ങിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.