കൊൽക്കത്ത : ന്യൂ ടൗൺ പ്രദേശത്ത് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സു(എസ്‌ടിഎഫ്)മായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടാ നേതാക്കള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
സ്പർജി ഹൗസിങ്ങ് കോളനിയിലെ ഫ്ലാറ്റില്‍ പിടികിട്ടാ പുള്ളികളായ ഇവരുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബംഗാള്‍ പൊലീസും എസ്‌ടിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. എസ്‌ടിഎഫിന് നേരെ ഗുണ്ടാനേതാക്കള്‍ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 40ലേറെ കേസുകളില്‍ പ്രതികളായ ജയ്പാൽ ഭുള്ളര്‍, യശ്പ്രീത് ജാസി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
also read:5 ജി സ്പെക്ട്രം : 25,000 കോടി രൂപ ചെലവഴിക്കുമെന്ന് പ്രകാശ് ജാവദേക്കർ
ആയുധക്കള്ളക്കടത്തുമായി ബന്ധമുള്ള ഇരുവരും കോടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഒരുമാസം മുന്‍പ് പിടിയിലായ ധൃത എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ചും മറ്റ് ആയുധക്കടത്തുകാരെക്കുറിച്ചും പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.